
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനക്കേസില്‍ ദിലീപിന് ( Dileep )തിരിച്ചടി. കേസില്‍ ദിലീപിന്റെ വാദങ്ങള്‍ തള്ളി ഹൈക്കോടതി. ദിലീപ് ഫോണ്‍ കൈമാറണമെന്ന് കോടതി പറഞ്ഞു. ഫോണ്‍ പരിശോധന സംബന്ധിച്ച് ഇന്ന് തന്നെ തീരുമാനമെടുക്കണം, സഹകരിച്ചില്ലെങ്കില്‍ മാറി ചിന്തിക്കേണ്ടി വരുമെന്നും കോടതി ചൂണ്ടിക്കാട്ടി.
മുന്‍കൂര്‍ ജാമ്യാപേക്ഷ ഫോണില്‍ തീരുമാനമായിട്ട് പരിഗണിക്കാമെന്നും കോടതി പറഞ്ഞു. സ്വന്തം നിലയില്‍ ഫോണ്‍ പരിശോധനക്കയച്ചത് ശരിയായ നടപടിയല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
ബാലചന്ദ്രകുമാറിന്റെ വെളിപെടുത്തലിന് ശേഷം നാലുപേരും ഫോണ്‍ മാറ്റിയിട്ടുണ്ടെന്നും ഫോണ്‍ സുപ്രധാന തെളിവാണെന്നും പ്രോസിക്യൂഷന് ആദ്യ ദിനത്തില്‍ വാദിച്ചിരുന്നു. തങ്ങള്‍ ഫോറന്‍സിക് പരിശോധന നടത്തി ഫലം കൈമാറാമെന്ന ദിലീപിന്റെ അഭിഭാഷകന്റെ നിലപാട് കേട്ടു കേള്വിയില്ലാത്തതാണ്. ദിലീപിന് കൂടുതല്‍ സമയം നല്‍കരുതെന്നും അത് അപകടകരമാണ്. അറസ്റ്റില്‍ നിന്നുള്ള സംരക്ഷണം അന്വേഷണപുരോഗതിയെ ബാധിയ്ക്കുന്നുണ്ട്. ദിലീപ് കേസ് അന്വേഷണത്തോട് സഹകരിയ്ക്കുന്നില്ല- പ്രോസിക്യൂഷന് കൂട്ടിച്ചേര്‍ത്തു.
മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിയ്ക്കുന്ന വേളയില്‍, ഫോണ്‍ തങ്ങള്‍ക്ക് ലഭിയ്ക്കണമെന്ന ആവശ്യം ഉപഹര്‍ജി ആയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയില്‍ നല്‍കിയിരുന്നത്. ഈ ഉപഹര്‍ജിയിലാണ് വിശദമായ വാദം നടന്നിരുന്നത്.
ഫോണ്‍ കൈമാറണമെന്ന പ്രോസിക്യൂഷന്റെ ആവശ്യത്തോട് തുടക്കം മുതല്‍ തന്നെ അനുകൂല നിലപാടാണ് കോടതി സ്വീകരിച്ചത്. ഹൈക്കോടതി രജിസ്ട്രിക്ക് ഫോണ്‍ കൈമാറണമെന്നാണ് കോടതി ആവശ്യപ്പെട്ടിട്ടുള്ളത്. എന്നാല്‍ അഡ്വ. രാമന്‍പിള്ളയ്ക്ക് പകരം ദിലീപിന് വേണ്ടി ഹാജരായ അഭിഭാഷകന് പ്രോസിക്യൂഷന്റെ ആവശ്യം എതിര്‍ത്തു. സുപ്രിംകോടതി ഭരണഘടനാ ബഞ്ചിന്റെ ഉത്തരവ് പ്രകാരം പ്രതികളോട് തെളിവുകള്‍ ഹാജരാക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്നത് കീഴ് വഴക്കങ്ങളുടെ ലംഘനമാണ് എന്നും അഭിഭാഷകന് ചൂണ്ടിക്കാട്ടി. അത് നിയമവിരുദ്ധമാണ് എന്നും അദ്ദേഹം വാദിച്ചു. രജിസ്ട്രിക്ക് ഫോണ്‍ കൈമാറുന്നതില്‍ എന്താണ് തടസ്സം എന്നാണ് കോടതി ഇതില്‍ പ്രതികരിച്ചത്.