
നാട്ടിക : തൃപ്രയാര്‍ ഏകാദശിക്ക് തുടക്കം കുറിച്ച് ക്ഷേത്രത്തില്‍ നിറമാല വിളക്ക് ആരംഭിച്ചു. ക്ഷേത്രാചാര്യന് തരണനെല്ലൂര്‍ പത്മനാഭന് നമ്ബൂതിരിപ്പാട് ആദ്യ തിരി തെളിയിച്ചു.
തുടര്‍ന്ന് ക്ഷേത്രനടപ്പന്തലിലും നടപ്പുരയിലുമായി നിരത്തിവച്ച നിലവിളക്കിലേക്കും ചുറ്റുമുള്ള അഞ്ഞൂറില്‍പ്പരം ചെരാതുകളിലേക്കും കൊച്ചിന് ദേവസ്വം ബോര്‍ഡ് മെമ്ബര്‍ എം ജി നാരായണന് ദീപപ്രഭ പകര്‍ന്നു.
നാട്ടിക പഞ്ചായത്ത് പ്രസിഡന്റ് എം ആര് ദിനേശന്, ദേവസ്വം അസി. കമീഷണര്‍ വി എന്‍ സ്വപ്ന, ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ടി ജെ സുമന, ക്ഷേത്രവികസനസമിതി കമ്മിറ്റി പ്രസിഡന്റ് പി ജി നായര്‍, സുലോചന ശക്തിധരപ്പണിക്കര്, എം എ കൃഷ്ണനുണ്ണി, മാധവമേനോന്, വി ആര് പ്രകാശന്, ദേവസ്വം മാനേജര്‍ എം മനോജ് എന്നിവര്‍ പങ്കെടുത്തു. ദേവസ്വം ജീവനക്കാരുടേതാണ് ആദ്യ നിറമാലവിളക്ക്.
തൃപ്രയാര്‍ രമേശന് മാരാരുടെ പഞ്ചവാദ്യം അരങ്ങേറി. ഇനി 39 ദിവസം നിറമാല വിളക്ക് തെളിയും. ഏകാദശി ദിവസമായ നവംബര്‍ 30 ന് ഗോതമ്ബ് ഭക്ഷണം വിതരണം ചെയ്യും.