
സംസ്ഥാനത്ത് ഇന്നും മഴ തുടരും. അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വയനാട്, കോഴിക്കോട്, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് മുന്നറിയിപ്പ്.
നാളെ 11 ജില്ലകളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. കെഎസ്ഇബിയുടെ ആറ് ഡാമുകളില്‍ റെഡ് അലര്‍ട്ട് തുടരുകയാണ്. കക്കി, ഷോളയാര്‍. പൊന്മുടി, കുണ്ടള, കല്ലാര്‍കുട്ടി, ലോവര്‍ പെരിയാര്‍ എന്നീ ഡാമുകളിലാണ് റെഡ് അലര്‍ട്ട്.
ഡാമുകളിലും ജലനിരപ്പ് ഉയരുകയാണ്. മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 136.80 അടിയായി ഉയര്‍ന്നു. മുല്ലപ്പെരിയാറില്‍ നിന്ന് തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കൂട്ടിയിട്ടുണ്ട്. 2200 ക്യുമക്സ് വെള്ളമാണ് ഒരു സെക്കന്റില്‍ തമിഴ്നാട് കൊണ്ടുപോകുന്നത്. നേരത്തെ ഇത് 2150 ക്യുമക്സ് ആയിരുന്നു.
കൂടുതല്‍ വെള്ളം കൊണ്ടുപോകണമെന്ന് മന്ത്രി റോഷി അഗസ്റ്റിന് തമിഴ്നാടിനോട് ആവശ്യപ്പെട്ടിരുന്നു. ഇന്ന് ഇടുക്കിയില്‍ മഴ ഇല്ല എന്നത് ആശ്വാസമാണ്.
പരമാവധി സംഭരണ ശേഷി 142 അടി
142 അടിയാണ് മുല്ലപ്പെരിയാറിന്റെ പരമാവധി സംഭരണ ശേഷി. 140 അടിയിലെത്തിയാല്‍ തമിഴ്നാട് ആദ്യ മുന്നറിയിപ്പും 141ല്‍ രണ്ടാം മുന്നറിയിപ്പും നല്‍കും. വീണ്ടും ജലനിരപ്പ് ഉയര്‍ന്ന് 142 അടിയിലെത്തിയാല്‍ ഡാം തുറക്കേണ്ടി വരും. നിലവില്‍ ഡാം തുറക്കേണ്ട സാഹചര്യമില്ല. ഡാം തുറക്കുന്നില്ലെങ്കിലും സ്പില്‍വേയിലൂടെ ജലം ഒഴുക്കിവിടാന്‍ തീരുമാനിച്ചിട്ടുണ്ട്. ഡാം തുറക്കേണ്ടിവന്നാല്‍ ഒഴിപ്പിക്കേണ്ട കുടുംബങ്ങളുടെ കണക്ക് തയ്യാറാക്കി. മാറ്റിപ്പാര്‍പ്പിക്കാനുള്ള എല്ലാ സംവിധാനങ്ങളും സജ്ജമാണെന്നും മന്ത്രി പറഞ്ഞു.
മുല്ലപ്പെരിയാര്‍ തുറന്നാല്‍ വെള്ളമെത്തുക ഇടുക്കി ഡാമിലേക്കാണ്. എന്നാല്‍ ഇടുക്കി ഡാമിന് മുല്ലപ്പെരിയാറിലെ വെള്ളം ഉള്‍ക്കൊള്ളാനാകുമെന്നും റോഷി അഗസ്റ്റിന് പറഞ്ഞു. ആവശ്യമെങ്കില്‍ പെരിയാറിലെ ജലനിരപ്പ് കണക്കിലെടുത്ത് ഇടുക്കിയുടെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തുമെന്നും മന്ത്രി പറഞ്ഞു.
Categories: Breaking News, District, Idukki, News, Rain