
തൃശ്ശൂര്‍ : മീന്‍പിടുത്തം പഠിക്കാന്‍ ആഗ്രഹിച്ച് തന്നെ സമീക്കുന്നവര്‍ക്ക് ആദ്യം സൗജന്യമായി കഞ്ചാവുനല്‍കും. ലഹരിക്കടിമകളായി എന്നുകണ്ടാല്‍ സൗജന്യവിതരണം നിര്‍ത്തി പണം വാങ്ങിത്തുടങ്ങും.സ്ഥിരം കസ്റ്റമേഴ്സ് ലിസ്റ്റില്‍ യുവതികളടക്കം നിരവധിപേര്‍. മീന്‍പിടുത്തത്തിനെന്ന പേരില്‍ ആള്‍ക്കൂട്ടം രൂപപ്പെട്ടതോടെ എക്സൈസ് സംഘം ജാഗരൂകരായി. ദിവസങ്ങള്‍ക്കുള്ളില്‍ വേറിട്ടമാര്‍ഗ്ഗത്തില്‍ കഞ്ചാവ് വില്‍പ്പന നടത്തിവന്ന യൂട്യൂബർ വലയില്‍.
ഇന്നലെയാണ് തൃശൂര്‍ എക്സൈസ് റെയ്ഞ്ച് ഇന്‍സ്പെക്ടര്‍ ഹരിനന്ദനനും പാര്‍ട്ടിയും ചേര്‍ന്ന് യൂട്യൂബറായ പൂച്ചട്ടി പോലൂക്കര സ്വദേശി മേനോത്ത് പറമ്ബില്‍ സനൂപ്( 32)എന്ന സാമ്ബാര്‍ സനൂപിനെ ഒന്നരകിലോ കഞ്ചാവുമായി പിടികൂടിയത്.
ഫിഷിങ് ഗഡീസ് എന്നപേരില്‍ ഒരുമാസം മുമ്ബ് തുടങ്ങിയ യൂട്യൂബ് ചാനലിന്റെ മറവിലാണ് സനൂപ് കഞ്ചാവ് വില്‍പ്പന വിപുലീകരിച്ചതെന്നാണ് എക്സൈസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിട്ടുള്ളത്.
ചാനലില്‍ മീന്‍പിടുത്തത്തെക്കുറിച്ചുള്ള ഏതാനും വീഡിയോകള്‍ സനൂപ് അപ്ലോഡ് ചെയ്തിട്ടുണ്ട്. 245 പേരാണ് സബ്ബ്സ്സ്ക്രൈബേഴ്സ് ആയിട്ടുണ്ടെന്നാണ് കാണുന്നത്. കൂടുതലും വിദ്യാര്‍ത്ഥികളും ചെറുപ്പക്കാരുമാണ്. വീഡിയോകള്‍ കണ്ട് മീന്‍പിടുത്തം പഠിക്കാന്‍ താല്പര്യപ്പെട്ടുവന്നവരാണ് സനൂപിന്റെ ‘ഇര’കള്‍.
ആദ്യം ഇവരെ കഞ്ചാവ് ഉപയോഗിക്കാന്‍ പ്രോത്സാഹിപ്പിക്കുകയും സൗജന്യമായി കഞ്ചാവ് നല്‍കുകയുമാണ് സനൂപിന്റെ രീതി. ഇവര്‍ ലഹരിക്ക് അടമകളായി എന്നുകണ്ടാല്‍ സനൂപിന്റെ രീതി മാറും. വന്‍തുക നല്കിയാല് മാത്രമെ ഇപ്പോള്‍ കഞ്ചാവ് ലഭിക്കുന്നുള്ളു എന്നും അതിനാല്‍ പണം നല്‍കാതെ’ സാധനം ‘നല്കാനാവില്ലന്നും ഇയാള്‍ കസ്റ്റമേഴ്സിനോട് വ്യക്തമാക്കും.
ഇതോടെ പണം നല്കി കഞ്ചാവ് വാങ്ങാന്‍ ഇവര്‍ നിര്‍ബന്ധിതരാവും.ഇത്തരത്തില്‍ കഞ്ചാവ് വില്‍പ്പന നടത്തി സാമാന്യം ഭേദപ്പെട്ട തുക ഇയാള്‍ സമ്ബാദിച്ചതായിട്ടാണ് എക്സൈസ് അധികൃതര്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിട്ടുള്ളത്. മണലിപുഴയിലെ കൈനൂര്‍ ചിറപ്രദേശങ്ങളിലേക്ക് വിളിച്ച് വരുത്തിയാണ് സനൂപ് താല്പര്യക്കാര്ക്ക് മീന്‍പിടുത്തത്തില്‍ പരിശീലനം നല്‍കിയിരുന്നത്.
ഇതിനായി പതിനായിരക്കണക്കിന് രൂപ വിലയുള്ള 10 ഓളം ചൂണ്ടകള്‍ ഇയാള്‍ കൈവശം വച്ചിരുന്നു. ഇതു കൂടാതെ ഇയാള്‍ സ്വന്തമായ ഉണ്ടാക്കിയ ഫിഷിങ് കിറ്റും ഉപയോഗിച്ചായിരുന്നു. ചെറിയ പൊതികളാക്കി സൂക്ഷിച്ചിരുന്ന കഞ്ചാവ് 500 രൂപ നിരക്കിലാണ് ഇയാള്‍ വില്‍പ്പന നടത്തി വന്നിരുന്നത്. പോലൂക്കര, മൂര്‍ക്കനിക്കര പ്രദേശങ്ങളിലെ നിരവധി ചെറുപ്പക്കാരും വിദ്യാര്‍ത്ഥികളും ഇയാളുടെ വലയത്തിലായതായി അന്വേഷണ സംഘത്തിന് ബോധ്യപ്പെട്ടു.
ഇത്തരത്തിലുള്ളവരുടെ ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ടെന്നും വരും ദിവസങ്ങളില്‍ അന്വേഷണം ഊര്‍ജിതമാക്കുന്നതിനും കൗണ്‍സിലിങ് ആവശ്യമുള്ള കുട്ടികളെ കണ്ടെത്തി രക്ഷിതാക്കളുടെ സഹായത്തോടെ ആവശ്യമായ ചികിത്സ നല്‍കുന്നതിനും നടപടികള്‍ എടുക്കുന്നതാണെന്ന് എക്സൈസ് ഇന്‍സ്പെക്ടര്‍ ഹരിനന്ദനന് ടി. ആര് അറിയിച്ചു.
അസി.എക്സൈസ് ഇന്‍സ്പെക്ടര്‍ ഹരീഷ് സി.യു ,പ്രിവന്റീവ് ഓഫീസര്‍മാരായ സജീവ് കെ എം ,ടി.ആര് സുനില്‍ കുമാര്‍ ,രാജേഷ് ,രാജു, ഡ്രൈവര്‍ റഫീക്ക് എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Categories: Crime News, District, Drugs, Thrissur