
തൃശൂര്‍ : സംസ്ഥാനത്തെ ആദ്യ ടണല്‍ പാത സജ്ജമായെങ്കിലും പാത തുറക്കും മുമ്ബേ ഉയര്‍ത്തിവിട്ട വിവാദങ്ങളും കോടതി വ്യവഹാരങ്ങളും ഒഴിയില്ല. പാത തുറക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന് പറഞ്ഞതും സംസ്ഥാന സര്‍ക്കാരിനെ അറിയിക്കാതെ വാഹനം കടത്തിവിടാന്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി നിര്‍ദ്ദേശം നല്കിയതും വരും നാളുകളിലും വിവാദത്തിന് തിരികൊളുത്തും.
എന്നാല്‍ ഇപ്പോള്‍ വിവാദത്തിനില്ലെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് വ്യക്തമാക്കിയതോടെ തുടര്‍ സംഘര്‍ഷങ്ങള്‍ക്കുള്ള വഴി അടഞ്ഞു. രണ്ടാം ടണലാണ് ലക്ഷ്യമെന്നും മന്ത്രി പ്രഖ്യാപിച്ചു കഴിഞ്ഞു. ഒരു പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിന് പിന്നാലെയാണ് ടണല്‍ തുറന്നു കൊടുക്കുന്നത്.
ഒരു വശത്ത് തുടക്കം മുതല്‍ വിടാതെ പിന്തുടര്ന്നിരുന്ന സാങ്കേതിക പ്രശ്നങ്ങളും നൂലാമാലകളും, തുരങ്ക നിര്‍മ്മാണം വൈകുന്നതിനെതിരെയുള്ള സമരവുമെല്ലാമായി സംഭവ ബഹുലമായിരുന്നു ആ ഒരു പതിറ്റാണ്ട്.
വനഭൂമി ഏറ്റെടുക്കുന്നതിലെ കാലതാമസം, ടണലിന്റെ സുരക്ഷാ ഭീഷണി, മണ്ണിടിച്ചില്‍ തുടങ്ങി നിരവധി പ്രശ്നങ്ങളെ അതിജീവിച്ചാണ് ഇന്നലെ ഒരു പാത തുറന്നു കൊടുത്തത്. പ്രധാന മുന്നണികളെല്ലാം തുരങ്ക നിര്‍മ്മാണത്തെ രാഷ്ട്രീയമായി കണ്ടതോടെ വിവാദങ്ങളും കൊഴുത്തു. ഓരോ രാഷ്ട്രീയ പ്രതിനിധികളും ഓരോഘട്ടത്തിലും കുതിരാന്‍ ടണല്‍ സന്ദര്‍ശിച്ച് വാര്‍ത്തകളുടെ ഭാഗമായി. സംസ്ഥാന സര്‍ക്കാരുകളും കേന്ദ്ര സര്‍ക്കാരുകളും ടണലിന്റെ പേരില്‍ ഏറ്റുമുട്ടി. പാര്‍ലിമെന്റിനകത്തും പുറത്തും ജനപ്രതിനിധികള്‍ തുരങ്കത്തിനായി വാദിച്ചു.
കേന്ദ്രമന്ത്രി വി. മുരളിധരന്, മുന്‍മന്ത്രി ജി.സുധാകരന്, മുന്‍ എം.പിമാരായ പി.കെ. ബിജു, സി.എന്‍. ജയദേവന്, നിലവിലെ എം.പിമാരായ ടി.എന്‍. പ്രതാപന്, രമ്യ ഹരിദാസ്, എം.എല്‍.എമാരായ എം.പി. വിന്‍സന്റ്, അഡ്വ.കെ. രാജന് അങ്ങനെ നീളുന്നു ആ നിര. മന്ത്രി അഡ്വ.കെ. രാജനും കെ.പി.സി.സി സെക്രട്ടറി ഷാജി കോടങ്കണ്ടത്തും വ്യവഹാരങ്ങളുമായും രംഗത്തെത്തി. അവസാനം തൃശൂരിലെ രണ്ട് കളക്ടര്‍മാരും നിലവിലെ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസുമെല്ലാം ആ നിരയില്‍ ചേര്‍ന്നതോടെ നീക്കങ്ങള്‍ക്ക് ഗതിവേഗം കൂടി.
പകിട്ടില്ലാതെ ചടങ്ങുകള്‍
തൃശൂര്‍ : ഒരു പതിറ്റാണ്ട് പിന്നിട്ട ടണല്‍ തുറന്നു കൊടുക്കുമ്ബോള്‍ കാര്യമായ പകിട്ടില്ലാതെയായിരുന്നു ചടങ്ങുകള്‍. ജില്ലാ കളക്ടര്‍ ഹരിത വി. കുമാറും സിറ്റി പൊലീസ് കമ്മിഷണര്‍ ആര്. ആദിത്യയും എതാനും ദേശീയപാത ഉദ്യോഗസ്ഥരും കരാര്‍ കമ്ബനി പ്രതിനിധികളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ഇന്ന് തുരങ്കപാത തുറന്നു കൊടുക്കുമെന്നായിരുന്നു സംസ്ഥാന പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് വ്യക്തമാക്കിയിരുന്നത്. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യാപനം മറികടന്ന് ഇന്നലെ ഉച്ചയോടെ, കേന്ദ്രമന്ത്രി നിധിന് ഗഡ്കരി ട്വിറ്ററിലൂടെ വൈകീട്ട് ടണല്‍ തുറന്ന് കൊടുക്കുമെന്ന് പ്രഖ്യാപിച്ചു.
ചരിത്രത്തിന്റെ ഭാഗമാകുന്ന ചടങ്ങില്‍ തുരങ്കം ഇത്രയും പെട്ടെന്ന് തുറക്കാനായി യത്നിച്ച മന്ത്രി കെ.രാജനോ എം.പിമാരോ അടക്കം ജനപ്രതിനിധികളാരും പങ്കെടുത്തില്ല. അവസാന വട്ട ട്രയല്‍ റണ്‍ നടത്തിയ ശേഷം സുരക്ഷാ പരിശോധന നടത്തിയ ശേഷമാകും അന്തിമാനുമതിയെന്നായിരുന്നു നേരത്തെ അറിയിപ്പ് ലഭിച്ചത്. എന്നാല്‍ അതെല്ലാം ഒഴിവാക്കിയാണ് ഇന്നലെ ഉച്ചയ്ക്ക് കേന്ദ്രമന്ത്രിയുടെ അറിയിപ്പെത്തിയത്.
അതേസമയം ജില്ലാ കളക്ടര്‍ പോലും തുരങ്കം തുറന്ന് കൊടുക്കുന്നുവെന്ന് പറഞ്ഞത് ഇന്നലെ വൈകീട്ട് നാലരയ്ക്ക് ശേഷമാണ്. ആറരയ്ക്ക് ശേഷമാണ് കളക്ടര്‍ ഹരിത വി. കുമാര്‍ തൃശൂരില്‍ നിന്ന് പുറപ്പെടുന്നത് തന്നെ. കൊവിഡ് കാലമല്ലെങ്കില്‍ ജനകീയ ഉത്സവാന്തരീക്ഷത്തില്‍ നടക്കേണ്ട ചടങ്ങാണ് ആഘോഷങ്ങളില്ലാതെ നടന്നത്.