
വടക്കഞ്ചേരി : പാലക്കാട്, തൃശ്ശൂര്‍ ജില്ലകളില്‍ കവര്‍ച്ച, രാത്രികാലങ്ങളില്‍ ഭവനഭേദനം, വാഹനമേഷണം,പിടിച്ചുപറി എന്നിവ പതിവാക്കിയ കോരഞ്ചിറ വാല്‍കുളമ്ബ് മല്ലംവളപ്പ് വീട്ടില്‍ ഡാനിയേല്‍ എന്ന ഡാനി(21) പിടിയില്‍. വടക്കഞ്ചേരി പൊലീസും, സ്പെഷ്യല്‍ സ്ക്വാഡും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്.
വടക്കഞ്ചേരി കല്ലിങ്കപ്പാടത്ത് രാത്രി ഭവനഭേദനം നടത്തി സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്തത്, പാലക്കാട് ടൗണ്‍ പരിസരത്ത് സെക്യൂരിറ്റി ജീവനക്കാരനെ കത്തികാണിച്ച് ഭീഷണിപ്പെടുത്തി മൊബൈല്‍ ഫോണും മറ്റും കവര്‍ച്ച ചെയ്തത്, ചിറ്റൂരില്‍ കരിമ്ബിന് ജൂസ് കടയിലെ സ്ത്രീയെ ആക്രമിച്ച് മൊബൈല്‍ ഫോണ്‍ കവര്‍ച്ച ചെയ്തത് എന്നീ കേസുകള്‍ പ്രതി കുറ്റസമ്മതം നടത്തി.
കഴിഞ്ഞ ദിവസം കൊല്ലങ്കോട് പോലീസ് പിടികൂടിയ മോഷ്ടാവ് അമല്‍ജിത്തും ഡാനിയേലും ചേര്‍ന്നാണ് ഭവനഭേദനവും കവര്‍ച്ചയും ചെയ്തിട്ടുള്ളത്.
കുറച്ച് ദിവസങ്ങളായി എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ ഒളിവിലായിരുന്ന പ്രതിയെ പൊലീസ് നിരീക്ഷിച്ചു വരികയായിരുന്നു. പാലക്കാട് നിന്നും കവര്‍ച്ച ചെയ്ത മൊബൈല്‍ ഫോണ്‍ ഇയാളില്‍ കണ്ടെത്തിയിട്ടുണ്ട്. പ്രതിയെ തെളിവെടുപ്പിനും കൊവിഡ് പരിശോധനക്കും ശേഷം ഇന്ന് കോടതിയില്‍ ഹാജരാക്കും.
ജില്ലാ പൊലീസ് മേധാവി ആര്.വിശ്വനാഥിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ആലത്തൂര്‍ ഡിവൈ.എസ്.പി കെ.എം.ദേവസ്യ, നര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി സി.ഡി.ശ്രീനിവാസന്, വടക്കഞ്ചേരി ഇന്‍സ്പെക്ടര്‍ എം.മഹേന്ദ്ര സിംഹന്, എസ്.ഐ അനീഷ്.എസ്, എ.എസ്.ഐ.ബിനോയ് മാത്യു, ഡാന്‍സാഫ് സ്ക്വാഡ് അംഗങ്ങളായ റഹിം മുത്തു, കൃഷ്ണദാസ്.ആര്.കെ, യു.സൂരജ് ബാബു, ദിലീപ്.കെ എന്നിവരാണ് കേസന്വേഷണം നടത്തിയത്.
Categories: Crime News, District, News, Palakkad