Cricket

ദീപക് ചാഹറിന്റെ അവിശ്വസനീയ പ്രകടനത്തിൽ ഇന്ത്യക്ക് വിജയം; പരമ്പര ഇന്ത്യക്ക്

Deepak chahar

കൊളംബോ : ശ്രീലങ്കയ്ക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. ആവേശകരമായ മത്സരത്തിൽ മൂന്നു വിക്കറ്റിനാണ് ഇന്ത്യ ശ്രീലങ്കയെ പരാജയപ്പെടുത്തിയത്. ബാറ്റുകൊണ്ടും പന്തുകൊണ്ടും ഒരുപോലെ തിളങ്ങിയ ദീപക് ചാഹറിന്റെ അവിശ്വസനീയ പ്രകടനത്തിന്റെ ബലത്തിലാണ് ഇന്ത്യ വിജയം നേടിയത്. ഇതോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ സ്വന്തമാക്കി. ആദ്യ മത്സരത്തിലും ഇന്ത്യ വിജയം സ്വന്തമാക്കിയിരുന്നു.

276 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ 49.1 ഓവറിൽ അഞ്ച് പന്തുകൾ ബാക്കിനിൽക്കേ വിജയത്തിലെത്തി.ഒരു ഘട്ടത്തിൽ തോൽവിയിലേക്ക് വീണുകൊണ്ടിരുന്ന ടീമിനെ ചാഹർ ഒറ്റയ്ക്ക് തോളിലേറ്റി വിജയത്തിലെത്തിക്കുകയായിരുന്നു. ചാഹർ 69 റൺസെടുത്തും ഭുവനേശ്വർ 19 റൺസെടുത്തും പുറത്താവാതെ നിന്നു. എട്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 84 റൺസിന്റെ അപരാജിത കൂട്ടുകെട്ട് പടുത്തുയർത്തി. നേരത്തേ രണ്ട് ശ്രീലങ്കൻ വിക്കറ്റുകളും ചാഹർ വീഴ്ത്തിയിരുന്നു. അർധസെഞ്ചുറി നേടിയ സൂര്യകുമാർ യാദവും ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തു.

ശ്രീലങ്ക നിശ്ചിത ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 275 റൺസാണെടുത്തത്. അർധസെഞ്ചുറി നേടിയ ചരിത് അസലങ്കയുടെയും ഓപ്പണർ ആവിഷ്ക ഫെർണാണ്ടോയുടെയും മികവിലാണ് ലങ്കൻ പട ഭേദപ്പെട്ട സ്കോർ പടുത്തുയർത്തിയത്. അവസാന ഓവറുകളിൽ അടിച്ചുതകർത്ത ചമിക കരുണരത്നെയും ഓപ്പണർ മിനോദ് ഭനുകയും മികച്ച പ്രകടനം പുറത്തെടുത്തു.

276 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി മികച്ച തുടക്കമാണ് ഓപ്പണർമാരായ പൃഥ്വി ഷായും ശിഖർ ധവാനും നൽകിയത്. ആദ്യ ഓവറിൽ തുടർച്ചയായി മൂന്നു പന്തുകളിൽ ബൗണ്ടറി നേടി ഷാ വരവറിയിച്ചു. എന്നാൽ മൂന്നാം ഓവറിലെ അവസാന പന്തിൽ ഷായെ ക്ലീൻ ബൗൾഡാക്കി ഹസരംഗ മത്സരം ശ്രീലങ്കയ്ക്ക് അനുകൂലമാക്കി. 11 പന്തുകളിൽ നിന്നും 13 റൺസ് മാത്രമാണ് ഷായ്ക്ക് നേടാനായത്.

ഷായ്ക്ക് പിന്നാലെയെത്തിയ കഴിഞ്ഞ മത്സരത്തിലെ ഹീറോ ഇഷാൻ കിഷനും പിടിച്ചുനിൽക്കാനായില്ല. ഒരു റൺസ് മാത്രമെടുത്ത താരത്തിന്റെ വിക്കറ്റ് പിഴുത് കസുൻ രജിത ഇന്ത്യയുടെ രണ്ടാം വിക്കറ്റ് വീഴ്ത്തി. ഇതോടെ ഇന്ത്യ അഞ്ചോവറിൽ 39 റൺസിന് രണ്ട് വിക്കറ്റ് എന്ന നിലയിലായി. കിഷന് പകരമായി ക്രീസിലെത്തിയ മനീഷ് പാണ്ഡെയെ കൂട്ടുപിടിച്ച് നായകൻ ശിഖർ ധവാൻ ടീം സ്കോർ എട്ടോവറിൽ 50 കടത്തി.

വളരെ സൂക്ഷിച്ചുകളിച്ച ധവാനെ വിക്കറ്റിന് മുന്നിൽ കുടുക്കി ഹസരംഗ വീണ്ടും ഇന്ത്യയെ തകർച്ചയിലേക്ക് തള്ളിയിട്ടു. 12-ാം ഓവറിലെ അവസാന പന്തിലാണ് ധവാൻ പുറത്തായത്. 38 പന്തുകളിൽ നിന്നും ആറു ബൗണ്ടറികളുടെ സഹായത്തോടെ 29 റൺസാണ് താരം നേടിയത്. ധവാൻ പുറത്താകുമ്പോൾ വെറും 65 റൺസാണ് ഇന്ത്യൻ സ്കോർ ബോർഡിലുണ്ടായത്.

ധവാന് പകരം സൂര്യകുമാർ യാദവ് ക്രീസിലെത്തി. യാദവും പാണ്ഡെയും ചേർന്ന് മികച്ച കൂട്ടുകെട്ട് പടുത്തുയർത്തി ഇന്ത്യൻ സ്കോർ മുന്നോട്ടുനയിച്ചു. 15.3 ഓവറിൽ ഇരുവരും ചേർന്ന് ഇന്ത്യൻ സ്കോർ 100 കടത്തി. സൂര്യകുമാർ ആക്രമിച്ച് കളിച്ചപ്പോൾ ശ്രദ്ധയോടെയാണ് മനീഷ് പാണ്ഡെ ബാറ്റ് വീശിയത്.

എന്നാൽ 18-ാം ഓവറിൽ നിർഭാഗ്യവശാൽ മനീഷ് പാണ്ഡെ പുറത്തായി. ഹിറ്റ് വിക്കറ്റായാണ് താരം പവലിയനിലേക്ക് മടങ്ങിയത്. 31 പന്തുകളിൽ നിന്നും മൂന്ന് ബൗണ്ടറിയടക്കം 37 റൺസ് പാണ്ഡെ നേടി. അതേ ഓവറിൽ തന്നെ ഹാർദിക് പാണ്ഡ്യയെ പൂജ്യനാക്കി മടക്കി ശ്രീലങ്കൻ നായകൻ ദാസൺ ശനക ഇന്ത്യയെ തകർച്ചയിലേക്ക് തള്ളിയിട്ടു. ഇതോടെ 115 ന് മൂന്ന് എന്ന നിലയിൽ നിന്നും 116 ന് അഞ്ച് എന്ന സ്കോറിലേക്ക് ഇന്ത്യ വീണു.

ഹാർദിക്കിന് പകരം ക്രീസിലെത്തിയ ക്രുനാൽ പാണ്ഡ്യയെ കൂട്ടുപിടിച്ച് സൂര്യകുമാർ യാദവ് ശ്രദ്ധയോടെ കളിക്കാൻ ആരംഭിച്ചു. 27-ാം ഓവറിലെ ആദ്യ പന്ത് ബൗണ്ടറി കടത്തി സൂര്യകുമാർ ഏകദിനത്തിലെ തന്റെ ആദ്യ അർധസെഞ്ചുറി സ്വന്തമാക്കി. 42 പന്തുകളിൽ നിന്നാണ് താരം അർധശതകം പൂർത്തിയാക്കിയത്. എന്നാൽ അർധശതകം നേടിയതിനുപിന്നാലെ താരം പുറത്തായി. സന്ദകനാണ് സൂര്യകുമാറിനെ പുറത്താക്കിയത്. 44 പന്തുകളിൽ നിന്നും ആറുബൗണ്ടറികളുടെ സഹായത്തോടെ 53 റൺസെടുത്താണ് താരം മടങ്ങിയത്. ഇതോടെ ഇന്ത്യ പരാജയം മണത്തു.

പിന്നീട് ക്രീസിലെത്തിയ ദീപക് ചാഹറിനെ കൂട്ടുപിടിച്ച് ക്രുനാൽ പാണ്ഡ്യ രക്ഷകന്റെ ചുമതലയേറ്റെടുത്തു. പതിയേ ഇന്നിങ്സ് കെട്ടിപ്പടുക്കുന്നതിനിടെ ക്രുനാലിനെ പുറത്താക്കി ഹസരംഗ ഇന്ത്യയെ വീണ്ടും തകർച്ചയിലേക്ക് തള്ളിയിട്ടു. 54 പന്തുകളിൽ നിന്നും 35 റൺസെടുത്ത താരത്തെ ഹസരംഗ ക്ലീൻ ബൗൾഡ് ആക്കുകയായിരുന്നു. ക്രുനാലായിരുന്നു ഇന്ത്യയുടെ അവസാന ബാറ്റിങ് പ്രതീക്ഷ. പിന്നീട് ഒത്തുചേർന്ന ചാഹറും ഭുവനേശ്വർ കുമാറും ചേർന്ന് ഇന്ത്യൻ സ്കോർ 200 കടത്തി.

അവസാന പത്തോവറിൽ ഇന്ത്യയ്ക്ക് ജയിക്കാൻ 67 റൺസാണ് വേണ്ടിയിരുന്നത്. അവിശ്വസനീയമായി ബാറ്റേന്തിയ ദീപക് ചാഹർ ഇന്ത്യയ്ക്ക് വിജയപ്രതീക്ഷ സമ്മാനിച്ചു. മോശം പന്തുകൾ പ്രഹരിച്ച് കളിച്ച ചാഹർ അനായാസം സ്കോർ ചലിപ്പിച്ചു. ഭുവനേശ്വർ താരത്തിന് മികച്ച പിന്തുണ സമ്മാനിച്ചു. വൈകാതെ താരം ഏകദിനത്തിലെ ആദ്യ അർധശതകം പൂർത്തിയാക്കി. 64 പന്തുകളിൽ നിന്നുമാണ് ചാഹർ അർധശതകം നേടിയത്.

47-ാം ഓവറിലെ ആദ്യ പന്തിൽ ബൗണ്ടറി നേടിക്കൊണ്ട് ഭുവനേശ്വർ കുമാർ ഇന്ത്യയുടെ സ്കോർ 250 റൺസിലെത്തിച്ചു. പിന്നീട് ശ്രദ്ധിച്ചുകളിച്ച ഇരുവരും സിംഗിളുകളും ഡബിളുകളുമൊക്കെയായി ഇന്ത്യയെ വിജയത്തിലെത്തിച്ചു. ചാഹർ 82 പന്തുകളിൽ നിന്നും ഏഴ് ബൗണ്ടറികളുടെയും ഒരു സിക്സിന്റെയും സഹായത്തോടെ പുറത്താവാതെ 69 റൺസും ഭുവനേശ്വർ 28 പന്തുകളിൽ നിന്നും 19 റൺസും നേടി.

ശ്രീലങ്കയ്ക്ക് വേണ്ടി ഹസരംഗ 10 ഓവറിൽ വെറും 37 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോൾ ശനക, രജിത, സന്ദകൻ എന്നിവർ ഒരോ വിക്കറ്റ് വീതം നേടി.

ടോസ് നേടി ബാറ്റിങ് ആരംഭിച്ച ശ്രീലങ്കൻ ഓപ്പണർമാരെ തുടക്കത്തിൽ തന്നെ പുറത്താക്കാൻ ഇന്ത്യയ്ക്ക് അവസരം ലഭിച്ചു. രണ്ടാം ഓവറിൽ ദീപക് ചഹാറിന്റെ പന്തിൽ ഓപ്പണർ മിനോദ് ഭനുകയുടെ ക്യാച്ച് സ്ലിപ്പിൽ മനീഷ് പാണ്ഡെ പാഴാക്കി. ചാഹർ എറിഞ്ഞ നാലാം ഓവറിൽ ആവിഷ്ക ഫെർണാണ്ടോയെ പുറത്താക്കാനുള്ള അവസരം ഭുവനേശ്വർ കുമാറും പാഴാക്കി.

ഇതോടെ കുടുതൽ ശ്രദ്ധിച്ചുകളിച്ച ഓപ്പണർമാർ മോശം പന്തുകൾ തിരഞ്ഞുപിടിച്ച് പ്രഹരിക്കാൻ തുടങ്ങി. പതിയേ കളി ശ്രീലങ്കയുടെ കൈയ്യിലായി. മികച്ച തുടക്കമാണ് ഓപ്പണർമാർ ശ്രീലങ്കയ്ക്ക് നൽകിയത്. ഫെർണാണ്ടോയും മിനോദും ചേർന്ന് 7.4 ഓവറിൽ സ്കോർ 50 കടത്തി.

എന്നാൽ സ്കോർ 77-ൽ നിൽക്കെ ഓപ്പണർ മിനോദ് ഭനുകയെ പുറത്താക്കി യൂസ്വേന്ദ്ര ചാഹൽ ശ്രീലങ്കയുടെ കൂട്ടുകെട്ട് പൊളിച്ചു. 42 പന്തുകളിൽ നിന്നും ആറു ബൗണ്ടറികളുടെ സഹായത്തോടെ 36 റൺസെടുത്ത മിനോദിനെ ചാഹൽ മനീഷ് പാണ്ഡെയുടെ കൈയ്യിലെത്തിച്ചു. ആദ്യ വിക്കറ്റിൽ ഫെർണാണ്ടോയ്ക്കൊപ്പം 77 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് മിനോദ് ക്രീസ് വിട്ടത്.

തൊട്ടടുത്ത പന്തിൽ ഭനുക രജപക്സയെ പുറത്താക്കി ചാഹൽ ശ്രീലങ്കയെ തകർത്തു. ആദ്യ പന്തിൽ തന്നെ രജപക്സ വിക്കറ്റ് കീപ്പർ ഇഷാൻ കിഷന് ക്യാച്ച് നൽകി മടങ്ങി. ഇതോടെ 77 ന് പൂജ്യം എന്ന സ്കോറിൽ നിന്നും 77 ന് രണ്ട് എന്ന നിലയിലേക്ക് ശ്രീലങ്ക കൂപ്പുകുത്തി. രണ്ട് വിക്കറ്റുകൾ പെട്ടെന്ന് വീണതോടെ ശ്രീലങ്കൻ സ്കോറിങ്ങിന്റെ വേഗം കുറഞ്ഞു. 20.2 ഓവറിൽ ടീം സ്കോർ 100 കടന്നു.

24.2 ഓവറിൽ ഓപ്പണർ ആവിഷ്ക ഫെർണാണ്ടോ അർധശതകം പൂർത്തിയാക്കി. 70 പന്തുകളിൽ നിന്നുമാണ് താരം ഫിഫ്റ്റിയടിച്ചത്. താരത്തിന്റെ കരിയറിലെ നാലാം അർധസെഞ്ചുറിയാണിത്. ഈ ടൂർണമെന്റിൽ ശ്രീലങ്കൻ താരം നേടുന്ന ആദ്യ അർധസെഞ്ചുറിയുമാണിത്.

എന്നാൽ അർധസെഞ്ചുറി നേടിയതിന് പിന്നാലെ അനാവശ്യ ഷോട്ടിന് ശ്രമിച്ച് ഫെർണാണ്ടോ പുറത്തായി. ഭുവനേശ്വർ കുമാറിനാണ് വിക്കറ്റ്. ഭുവിയുടെ പന്ത് ആക്രമിക്കാൻ ശ്രമിച്ച ഫെർണാണ്ടോയുടെ ശ്രമം പാളി. ഉയർന്നുപൊന്തിയ പന്ത് ക്രുനാൽ പാണ്ഡ്യ അനായാസം കൈയ്യിലൊതുക്കി. 71 പന്തുകളിൽ നിന്നും നാല് ബൗണ്ടറികളുടെയും ഒരു സിക്സിന്റെയും അകമ്പടിയോടെയാണ് താരം 50 റൺസെടുത്തത്.

പിന്നാലെ സ്കോർ 134-ൽ നിൽക്കേ 27-ാം ഓവറിലെ രണ്ടാം പന്തിൽ പരിചയ സമ്പന്നനായ ധനഞ്ജയ ഡി സിൽവ പുറത്തായി. ഇതോടെ ശ്രീലങ്ക തകർന്നു. 45 പന്തുകളിൽ നിന്നും 32 റൺസെടുത്ത താരത്തെ ദീപക് ചാഹർ പുറത്താക്കി. അനാവശ്യ ഷോട്ടിന് ശ്രമിച്ച സിൽവയെ ശിഖർ ധവാൻ കൈയ്യിലൊതുക്കി. ഇതോടെ ശ്രീലങ്ക 134 ന് നാല് എന്ന നിലയിലേക്ക് വീണു.

പിന്നീട് ഒത്തുചേർന്ന ചരിത് അസലങ്കയും നായകൻ ദാസൺ ശനകയും ചേർന്ന് ശ്രീലങ്കൻ സ്കോർ 150 കടത്തി. ഇരുവരും ശ്രദ്ധിച്ച് കളിച്ചാണ് സ്കോർബോർഡ് മുന്നോട്ടുചലിപ്പിച്ചത്. എന്നാൽ സ്കോർ 172-ൽ നിൽക്കേ 16 റൺസെടുത്ത നായകൻ ശനകയെ ക്ലീൻ ബൗൾഡാക്കി ചാഹൽ കൂട്ടുകെട്ട് പൊളിച്ചു.

പിന്നാലെ വന്ന വാനിൻഡു ഹസരംഗയ്ക്കും പിടിച്ചുനിൽക്കാനായില്ല. മികച്ച ഒരു സ്ലോ ബോളിലൂടെ താരത്തെ ദീപക് ചാഹാർ ക്ലീൻ ബൗൾഡാക്കി. ഇതോടെ 194 ന് ആറുവിക്കറ്റ് എന്ന നിലയിലായി ശ്രീലങ്ക. എന്നാൽ മറുവശത്ത് ആത്മവിശ്വാസത്തോടെ ബാറ്റേന്തിയ അസലങ്ക 41-ാം ഓവറിൽ ടീം സ്കോർ 200 കടത്തി. പിന്നാലെ താരം അർധശതകം കണ്ടെത്തി.

56 പന്തുകളിൽ നിന്നുമാണ് താരം അർധശതകം കുറിച്ചത്. താരത്തിന്റെ കരിയറിലെ ആദ്യ അർധസെഞ്ചുറിയാണിത്. എട്ടാമനായി ഇറങ്ങിയ കരുണരത്നെയെ കൂട്ടുപിടിച്ച് ടീം സ്കോർ 244-ൽ എത്തിച്ചു. എന്നാൽ 48-ാം ഓവറിൽ താരത്തെ പുറത്താക്കി ഭുവനേശ്വർ കുമാർ ശ്രീലങ്കൻ ഇന്നിങ്സിന് കടിഞ്ഞാണിട്ടു. 68 പന്തുകളിൽ നിന്നും ആറ് ബൗണ്ടറികളുടെ സഹായത്തോടെ 65 റൺസെടുത്ത താരം കൂറ്റനടിയ്ക്ക് ശ്രമിച്ചാണ് പുറത്തായത്.

അവസാന ഓവറുകളിൽ തകർപ്പൻ ഷോട്ടുകൾ കളിച്ച കരുണരത്നെ സ്കോർ 275-ൽ എത്തിച്ചു. താരം 33 പന്തുകളിൽ നിന്നും അഞ്ച് ബൗണ്ടറികളുടെ സഹായത്തോടെ പുറത്താവാതെ 44 റൺസെടുത്തു. ഒരു റൺസെടുത്ത രജിത മറുവശത്ത് പുറത്താവാതെ നിന്നു.

ഇന്ത്യയ്ക്കായി യൂസ്വേന്ദ്ര ചാഹലും ഭുവനേശ്വർ കുമാറും മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ ദീപക് ചാഹർ രണ്ട് വിക്കറ്റെടുത്തു.

Categories: Cricket, News, Sports

Tagged as: , , , , ,

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s