
തൃശൂര്‍ : വന്‍തുകയുടെ അഴിമതി നടന്ന ഇരിങ്ങാലക്കുട കരുവന്നൂര്‍ സഹകരണ ബാങ്കില്‍ 3 പ്രതികളിലൂടെ മാത്രം വായ്പയായി പോയത് 76 കോടി രൂപ! ഇവയില്‍ ഒട്ടുമിക്ക വായ്പകളിലും ഒരു രൂപ പോലും തിരിച്ചടവുണ്ടായിട്ടില്ല. സഹകരണ വകുപ്പു നടത്തുന്ന അന്വേഷണത്തിനു സമാന്തരമായി പാര്‍ട്ടി നടത്തിയ അന്വേഷണത്തിലാണ് ഈ കണ്ടെത്തല്‍. ദിവസക്കൂലിക്കാരായ അനേകരുടെ പേരിലാണ് അരക്കോടി വരെ വായ്പ നല്‍കിയത്.
വായ്പ അനുവദിച്ചതില്‍ മാനേജരുടെ ഭാര്യയും ബന്ധുക്കളും പാര്‍ട്ടിപ്രവര്‍ത്തകരും വരെയുണ്ടെന്നാണ് വിവരം. സിപിഎം നയിക്കുന്ന ബാങ്കില്‍ 125 കോടിയിലേറെ രൂപയുടെ അഴിമതി നടന്നതായിട്ടാണ് കണ്ടെത്തിയിരിക്കുന്നത്. പെയിന്റിങ് തൊഴിലാളിയ്ക്ക് അനുവദിച്ചത് 50 ലക്ഷം രൂപയുടെ വായ്പയായിരുന്നു.
ദിവസക്കൂലിക്കാരായ മറ്റനേകം പേരുടെ പേരില്‍ വായ്പ നല്‍കിതായി സിപിഎം അന്വേഷണ സമിതി കണ്ടെത്തിയിട്ടുണ്ട്.
വായ്പാ തട്ടിപ്പു കേസില്‍ പൊലീസ് പ്രതിചേര്‍ത്ത മുന്‍ മാനേജര്‍ ക്രമവിരുദ്ധമായി അനുവദിച്ച 26 കോടിയുടെ വായ്പയില്‍ ഇടപാട് അനുവദിച്ചവരില്‍ മാനേജരുടെ സ്വന്തം ഭാര്യയും ഭാര്യാപിതാവും സ്വന്തം മാതാപിതാക്കളും വരെയുണ്ടെന്നാണ് അന്വേഷണത്തിനായി പാര്‍ട്ടി തന്നെ നിയോഗിച്ച അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. 52 പേര്‍ക്കു 50 ലക്ഷം വീതം വായ്പ നല്കിയ കൂട്ടത്തിലാണ് സ്വന്തക്കാരും ബന്ധക്കാരുമുള്ളത്.
സഹകരണ ബാങ്ക് വായ്പാ ചട്ടങ്ങള്‍ പ്രകാരം ഒരാള്‍ക്കു പരമാവധി അനുവദിക്കാവുന്ന വായ്പാത്തുക 50 ലക്ഷം രൂപയാണ്. ഈ വായ്പാ പരിധി മറികടന്നാല്‍ അന്വേഷണം ഉണ്ടായേക്കുമെന്നതിനാല്‍ കൃത്യം 50 ലക്ഷം രൂപ വീതം ഒട്ടേറെപ്പേര്‍ക്കു വായ്പ നല്‍കിയാണു പ്രതികള്‍ തട്ടിപ്പു നടത്തിയത്. മുന്‍ മാനേജര്‍ 52 പേര്‍ക്കായി 26 കോടി രൂപ വായ്പയായി നല്കിയപ്പോള്, പ്രതിപ്പട്ടികയിലുള്ള ഇടനിലക്കാരന് വഴി 48 പേര്‍ക്ക് 24 കോടി രൂപയും വായ്പ അനുവദിച്ചു. കമ്മിഷന് ഏജന്റ് വഴിക്കും 26 കോടി രൂപ വായ്പയായി അനുവദിച്ചു.
പ്രതിചേര്‍ക്കപ്പെട്ടവര്‍ അല്ലാതെയും വായ്പാ തട്ടിപ്പ് നടന്നിട്ടുള്ളതായിട്ടാണ് കണ്ടെത്തല്‍. ഇതില്‍ 4 പേര് വഴി 43 കോടി രൂപ ക്രമവിരുദ്ധമായി വായ്പ അനുവദിച്ചെന്നു സംശയമുണ്ട്. 10 ലക്ഷം രൂപയുടെ മാസത്തവണ നിക്ഷേപ പദ്ധതിയില്‍ ഒരാളുടെ പേരില്‍ മാത്രം നറുക്കെടുപ്പു നടത്തുക, 2 തവണ പണം അനുവദിക്കുക തുടങ്ങിയ ഏര്‍പ്പാടുകളും നടന്നിരുന്നതായി കണ്ടെത്തി.
50 ലക്ഷം വായ്പ അനുവദിച്ച കേസില്‍ പലിശ സഹിതം വായ്പ 78 ലക്ഷം രൂപയുടെ കുടിശികയായി ഉയര്‍ന്നിട്ടുണ്ട്. തൊഴിലാളിയുടെ പേരില്‍ വായ്പ എടുത്തതു വ്യാജരേഖ ചമച്ചാണോ എന്നും സംശയമുണ്ട്. അഴിമതിയില്‍ പാര്‍ട്ടി നേതാക്കള്‍ക്കു പങ്കുണ്ടെന്നു സിപിഎം അന്വേഷണം സംഘവും കണ്ടെത്തിയതായി സൂചന. സംസ്ഥാനത്ത് നടന്ന ഏറ്റവും വലിയ അഴിമതിയാണിത്.
ഭൂമി നഷ്ടപ്പെടുമെന്ന അവസ്ഥയില്‍ ഒരു പാര്‍ട്ടി അംഗം നല്കിയ പരാതിയെത്തുടര്‍ന്നാണു ജില്ലാ കമ്മിറ്റി അന്വേഷിച്ചത്.125 കോടിയെന്നതു പ്രാഥമിക നിഗമനമാണ്. ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ പി.കെ. ഷാജനും മുന്‍ എംപി പി.കെ.ബിജുവാണ് അന്വേഷണം നടത്തിയത്. അന്വേഷണത്തിലെ കണ്ടെത്തലുകള്‍ ജില്ലാ കമ്മിറ്റിയെ അറിയിച്ചതോടെയാണു സഹകരണ വകുപ്പിനോടു ശക്തമായ നടപടിയെടുക്കാന്‍ പാര്‍ട്ടി നിര്‍ദേശിച്ചത്.
Categories: Crime News, District, Financial crime, News, Thrissur