
കൊല്ലം : കുളത്തുപ്പുഴയില്‍ വീട്ടിലെ അടുക്കളയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ 17 കാരി ആഴ്ചകള്‍ക്ക് മുമ്ബ് ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടിയെ വീട്ടിലെ അടുക്കളയില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. ചന്ദനക്കാവ് വടക്കേചെരുകര സ്വദേശിനിയായ പ്ളസ്ടു വിദ്യാര്‍ഥിനിയാണ് മരിച്ചത്. പെണ്‍കുട്ടിയുടെ അമ്മ തിരുവനന്തപുരത്ത് ഹോംനഴ്സായി ജോലി ചെയ്യുന്നതിനാല്‍ അമ്മയുടെ അച്ഛനോടൊപ്പമായിരുന്നു വീട്ടില്‍ താമസം.
രാവിലെ എട്ടുമണിയോടെ മുത്തച്ഛന് പുറത്തുപോയി തിരിച്ചെത്തിയപ്പോഴാണ് 17കാരിയെ അടുക്കളയില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. കുട്ടിയുടെ അമ്മ രാവിലെ മൊബൈല്‍ ഫോണില്‍ വിളിച്ചെങ്കിലും ഫോണ്‍ ബിസിയായിരുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ മരണത്തിന് പിന്നാലെ ഈ ഫോണും നഷ്ടമായിട്ടുണ്ട്. കുട്ടി ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. രാവിലെ കടയില്‍ പോയി മടങ്ങി വന്ന മുത്തച്ഛന് വീടിന് പുറത്തു നിന്ന് വിളിച്ചിട്ടും വീടിന്റെ കതക് തുറന്നില്ല. തുടര്‍ന്ന് നോക്കിയപ്പോഴാണ് അടുക്കളയില്‍ ചുരിദാര്‍ ഷാളില്‍ തൂങ്ങിയ നിലയില്‍ കാണപ്പെട്ടത്. ഉടന്‍ നാട്ടുകാരെയും പഞ്ചായത്ത് അംഗത്തെയും വിവരം അറിയിച്ചു.
കുളത്തുപ്പുഴ പൊലീസും കൊല്ലത്ത് നിന്നുളള ഫൊറന്‍സിക് സംഘവും വീട്ടിലെത്തി പരിശോധന നടത്തി. ബന്ധുക്കള്‍, നാട്ടുകാര്‍ എന്നിവരില്‍ നിന്ന് പൊലീസ് മൊഴി ശേഖരിച്ചിരുന്നു. സംഭവ ദിവസം രാവിലെ കുട്ടിയെ വീടിന് മുന്നില്‍ കണ്ടിരുന്നതായി സമീപവാസികള്‍ പൊലീസിനോട് പറഞ്ഞിരുന്നു. വീട്ടില്‍ നിന്ന് ലഭിച്ച പെണ്‍കുട്ടിയുടെ ആത്മഹത്യാകുറിപ്പില്‍ ചില വ്യക്തികളുടെ പേരുകള്‍ പരാമര്‍ശിച്ചിട്ടുണ്ടെന്നാണ് വിവരം. ലൈംഗിക പീഡനം കൂടി തെളിഞ്ഞതോടെ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. സൈബര്‍ സെല്ലും അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
Categories: Crime News, District, Kollam, News