
കൊയിലാണ്ടി : സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ട് പോയ കൊയിലാണ്ടി സ്വദേശി മാതോത്ത് മീത്തല്‍ മമ്മദിന്റെ മകന് അഷ്റഫ് (35) അക്രമിസംഘത്തില്‍ നിന്നും നേരിട്ടത് ക്രൂര പീഡനങ്ങള്‍. കൊയിലാണ്ടി ഊരള്ളൂരില്‍ നിന്നും തട്ടിക്കൊണ്ട് പോയ യുവാവിനെ കോഴിക്കോട് ജില്ലയിലെ കുന്നമംഗലത്ത് നിന്നും ഇന്ന് രാവിലെയാണ് കണ്ടെത്തിയത്. ഇയാളെ ഇവിടെ ഉപേക്ഷിച്ച് അക്രമി സംഘം കടന്നു കളയുകയായിരുന്നു എന്നാണ് വിവരം. ഇയാളെ മാവൂരിലെ ഒരു മരമില്ലില്‍ ആണ് ഇന്നലെ മുഴുവന്‍ തടവില്‍ വച്ചത് എന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, അക്രമി സംഘത്തില്‍ നിന്നും കൊടിയ പീഡനമാണ് അഷറഫ് നേരിട്ടതെന്നാണ് സാഹചര്യങ്ങള്‍ വ്യക്തമാക്കുന്നത്.
അഷറഫിന്റെ ഇടത് കാല് ഒടിഞ്ഞ നിലയിലാണ്, ശരീരത്തില്‍ ബ്ലേഡുകൊണ്ട് കീറുമുറിച്ചിട്ടുമുണ്ട്. മര്‍ദനമേറ്റതിന്റെ പാടുകളും ഇയാളുടെ ശരീരത്തിലുള്ളത്. പരിക്കേറ്റ അഷറഫ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലാണ്. ഇയാളുടെ മൊഴിയെടുപ്പ് പുരോഗമിക്കുകയാണ്.
അഷറഫ് സ്വര്‍ണം കൊണ്ടുവന്നിരുന്നു എന്നും ഇത് കൊടുവള്ളിയില്‍ എത്തിച്ചില്ലെന്ന ഭീഷണി ഉയര്‍ത്തി തോക്ക് ചൂണ്ടിയാണ് തട്ടിക്കൊണ്ട് പോയതെന്നുമായിരുന്നു സഹോദരന്റെ പരാതി. അഷറഫിന്റെ സഹോദരന് സിദ്ദീഖാണ് പരാതിയുമായി കൊയിലാണ്ടി പൊലീസിനെ സമീപിച്ചത്. സംഭവത്തില്‍ വടകര റൂറല്‍ എസ്പിയുടെ നിര്‍ദേശപ്രകാരം ഡി.വൈ.എസ്പി കൊയിലാണ്ടി പോലീസ് സ്റ്റേഷനിലെത്തി അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് ഇന്ന് അഷറഫിനെ കണ്ടെത്തിയത്.
Categories: Crime News, District, Gold smuggling, Kozhikode, News