
ആലത്തൂര്‍ : പോലീസ് സൈബര്‍ സെല്‍ ഉദ്യോഗസ്ഥനാണെന്ന വ്യാജേന പണം തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ തിരുവനന്തപുരം സ്വദേശിയായ യുവാവിനെ ആലത്തൂര്‍ പോലീസ് പിടികൂടി. നെടുമങ്ങാട് കുരുപ്പുഴ നന്നിയോട് പച്ചപ്പാലുവള്ളി സ്മിത ഭവനില്‍ ദീപു കൃഷ്ണ(37) ആണ് പിടിയിലായത്. സൈബര്‍ സെല്‍ ഉദ്യോഗസ്ഥനെന്ന വ്യാജേന ആലത്തൂര്‍ സ്വദേശിയായ യുവതിയെ ഫോണില്‍ വിളിച്ച് പൈസ ആവശ്യപ്പെടുകയായിരുന്നു.
ആദ്യം നല്‍കാമെന്നേറ്റ പണം നല്‍കില്ലെന്ന് പറഞ്ഞെങ്കിലും യുവാവ് പണം കുറച്ച് നല്കാന് ആവശ്യപ്പെട്ടു. ഇതോടെയാണ് തട്ടിപ്പാണെന്ന് യുവതിക്ക് സംശയം തോന്നിയത്. ഉടന്‍ തന്നെ പോലീസില്‍ വിവരം അറിയിച്ച യുവതി നേരിട്ട് വന്നാല്‍ ആവശ്യപ്പെട്ട പണം നല്‍കാമെന്ന് പറഞ്ഞ് യുവാവിനെ വിളിച്ചു വരുത്തി.
പണം വാങ്ങാന്‍ യുവതിയുടെ ആലത്തൂരിലെ വീട്ടിലെത്തിയ യുവാവ് കബളിക്കപ്പെട്ടുവെന്ന് മനസിലാക്കി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും യുവതിയുടെയും നാട്ടുകാരുടേയും പോലീസിന്റെയും സമയോചിത ഇടപെടല്‍ മൂലം പിടികൂടി.
സമാന രീതിയില്‍ തട്ടിപ്പ് നടത്തിയതിന് ഇയാള്‍ക്കെതിരേ തിരുവനന്തപുരം ജില്ലയില്‍ നാലോളം കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. ആലത്തൂര്‍ സി.ഐ.റിയാസ് ചാക്കീരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Categories: Crime News, Cyber crime, News, Palakkad, Thiruvananthapuram