
കൊച്ചി : കേരളത്തില്‍ ഇനി ഒരിക്കലും ഒരു രൂപ പോലും മുടക്കില്ലെന്ന് കിറ്റെക്സ് എം ഡി സാബുജേക്കബ് പറഞ്ഞു. തെലങ്കാനയില്‍ ആയിരംകോടി രൂപയുടെ നിക്ഷേപം സംബന്ധിച്ച ചര്‍ച്ചകള്‍ക്കുശേഷം കൊച്ചിയില്‍ മടങ്ങിയെത്തിയ അദ്ദേഹം വാര്‍ത്താലേഖകരോട് സംസാരിക്കവെയാണ് ഇങ്ങനെ പറഞ്ഞത്. എറണാകുളത്തെ എം എല്‍ എ മാരെ അദ്ദേഹം രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. വ്യവസായിക്ക് എങ്ങനെ കോടികള്‍ സമ്ബാദിക്കാമെന്നുള്ള വഴി ഇവരാണ് തുറന്നുതന്നതെന്നും അദ്ദേഹം പറഞ്ഞു.
‘തെലങ്കാനയില്‍ രാജകീയ സ്വീകരണമാണ് ലഭിച്ചത്. ഒന്നാംഘട്ടത്തില്‍ ആയിരംകോടിരൂപയുടെ നിക്ഷേപമാണ് ഉദ്ദേശിക്കുന്നത്. ഇക്കാര്യത്തില്‍ ഉറപ്പ്കൊടുത്തിട്ടുണ്ട്. ശേഷിക്കുന്ന കാര്യങ്ങള്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ തീര്‍പ്പാക്കും.
കൂടുതല്‍ നിക്ഷേപം വേണോ എന്നതടക്കമുള്ള കാര്യത്തില്‍ അതിനുശേഷമേ തീരുമാനമെടുക്കൂ.
ഒരു ദിവസത്തെ ചര്‍ച്ചക്ക് ശേഷം മടങ്ങിയെത്താമെന്നാണ് കരുതിയിത്. എന്നാല്‍ ചര്‍ച്ചക്ക് ശേഷം വ്യവസായ പാര്‍ക്കുകള്‍ സന്ദര്‍ശിക്കുമ്ബോള്‍ ഒരു വ്യവസായിക്ക് നിരവധി സാദ്ധ്യതകള്‍ ഉണ്ടെന്ന് മനസിലായി. തെലങ്കാന നല്കിയ വാഗ്ദ്ധാനങ്ങള്‍ കേട്ടാല്‍ ഇവിടെ ഒരു വ്യവസായി പോലും ബാക്കി ഉണ്ടാകില്ലെന്നതാണ് സാരം. രണ്ട് പാര്‍ക്കുകളാണ് തെലങ്കാനയില്‍ കണ്ടത്. മന്ത്രിമാരുമായി രണ്ടുതവണ ചര്‍ച്ചനടത്തി. മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി അവസാനവട്ട ചര്‍ച്ചനടത്തിയശേഷമാണ് ഇന്ന് മടങ്ങിയെത്തിയത് -അദ്ദേഹം വ്യക്തമാക്കി. .
‘കുന്നത്തുനാട് എം എല്‍ എയോടാണ് ഞാന്‍ ഏറ്റവും കൂടുതല്‍ കടപ്പെട്ടിരിക്കുന്നത്. കൂടാതെ എറണാകുളം ജില്ലയില്‍ തന്നെ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച നാല് എം എല്‍ എമാരും ഒരു എം പിയുമുണ്ട്. പെരുമ്ബാവൂര്‍ എം എല്‍ എ, മൂവാറ്റുപുഴ എം എല്‍ എ, തൃക്കാക്കര എം എല്‍ എ, എറണാകുളം എം എല്‍ എ, ചാലക്കുടി എം പി എന്നിവരോടും കടപ്പെട്ടിരിക്കുന്നു. കാരണം വ്യവസായ സൗഹൃദം എന്താണെന്നും ഒരു വ്യവസായിക്ക് എങ്ങനെ കോടികള്‍ സമ്ബാദിക്കാമെന്നുള്ള വഴി ഇവരാണ് തുറന്ന് തന്നത്. അതുകൊണ്ട് തന്നെ ഈ അഞ്ച് എം എല്‍ എയോടും എം പിയോടും നന്ദിയാണ് പറയാനുള്ളത്- സാബു ജേക്കബ് പറഞ്ഞു.
‘ഞാന്‍ ബിസിനസുകാരനാണ് രാഷ്ട്രീയമായ ചോദ്യങ്ങള്‍ക്ക് രാഷ്ട്രീയ വേദിയില്‍ മറുപടി നല്‍കും.തെലങ്കാനയില്‍ താന്‍ നിക്ഷേപിക്കുന്നതുകൊണ്ട് കേരളത്തില്‍ ഒരു മാറ്റം കൊണ്ടുവരാന്‍ കഴിഞ്ഞാല്‍ നല്ലതാണ്. ആരുമായിട്ടും ചര്‍ച്ച ചെയ്യുന്നതിന് ഞാന്‍ തയാറാണ്. കഴിഞ്ഞ 57 വര്‍ഷമായി 15,000 ആളുകള്‍ക്ക് തൊഴില്‍ കൊടുക്കാന്‍ സാധിച്ചത് വലിയ കാര്യമായിട്ടാണ് കാണുന്നത്. അതിന് വേണ്ടിയാണ് ഇത്രയധികം സൗകര്യങ്ങള്‍ മറ്റ് സംസ്ഥാനങ്ങളില്‍ ഒരുക്കി കൊടുക്കുന്നുണ്ടെന്ന് അറിഞ്ഞിട്ടും ആട്ടും തുപ്പും തൊഴിയും എല്ലാം സഹിച്ച് ഇവിടെ പിടിച്ചുനിന്നത്. കേരളത്തിലോ തെലങ്കാനയിലോ മാത്രമല്ല ഇന്ത്യയില്‍ എവിടെയാണെങ്കിലും കേരളീയര്‍ക്ക് ജോലി ഉറപ്പാക്കിയിരിക്കുമെന്നും സാബു ജേക്കബ് വ്യക്തമാക്കി.
Categories: District, Eranakulam, News