Sports

യൂറോ കപ്പ് ഫൈനലിൽ ഇംഗ്ലണ്ട്; 55 വർഷത്തെ കാത്തിരിപ്പിന് വിരമാണ്

വെംബ്ലി : വെംബ്ലിയിലെ നിറഞ്ഞു കവിഞ്ഞ സ്‌റ്റേഡിയത്തില്‍ പുതിയ ചരിത്രമെഴുതി ഇംഗ്ലണ്ട് ഫൈനലില്‍. യൂറോ 2020 ന്റെ രണ്ടാം സെമിയില്‍ ഈ ടൂര്‍ണമെന്റിലെ അട്ടിമറി വീരന്മാരായ ഡെന്മാര്‍ക്കിനെയാണ് ഇംഗ്ലണ്ട് വീഴ്ത്തിയത്. അധികസമയത്തിന്റെ ആദ്യ പകുതിയില്‍ നായകന്റെ ഗോളില്‍ 2-1 ന് ഡന്മാര്‍ക്കിനെ വീഴ്ത്തി. സാധാരണ സമയത്ത് ഇരുടീമും ഓരോ ഗോളടിച്ച്‌ തുല്യത പാലിച്ചു. 55 വര്‍ഷത്തിന് ശേഷമാണ് ഇംഗ്ലണ്ടിന്റെ പുരുഷഫുട്ബോള്‍ ടീം ഏതെങ്കിലും ഒരു കലാശപ്പോരിന് യോഗ്യത നേടുന്നത്.

അധികസമയത്തിന്റെ ആദ്യ പകുതിയുടെ അവസാനം നായകന്‍ ഹാരി കെയ്ന്‍ നേടിയ നിര്‍ണ്ണായക ഗോളിലാണ് ഇംഗ്ലണ്ട് ഇറ്റലിയ്ക്ക് എതിരേയുള്ള കലാശപ്പോരിന് ടിക്കറ്റ് വാങ്ങിയത്.

ഈ ടൂര്‍ണമെന്റില്‍ ആദ്യമായി ഇംഗ്ലണ്ടും അവരുടെ കീപ്പര്‍ പിക്‌ഫോര്‍ഡും ഗോള്‍ വഴങ്ങുകയും ചെയ്തു. ഇരു ഭാഗത്തേക്കും പന്ത് മാറിമാറി കയറിയ ഉജ്വല മത്സരത്തിനൊടുവിലായിരുന്നു ഇംഗ്ലണ്ടിനെ വിജയം തുണച്ചത്.

മുപ്പതാം മിനിറ്റില്‍ ഡെന്മാര്‍ക്കായിരുന്നു ആദ്യം ഗോള്‍ നേടിയത്. തുടര്‍ച്ചയായി കിട്ടിയ ഫ്രീകിക്കുകള്‍ക്ക് ഒടുവില്‍ ഇംഗ്ലീഷ് മതിലിന് മുകളിലൂടെ ഡെംഷാഡ് നല്‍കിയ പന്ത് വളഞ്ഞ് വലയിലേക്ക് ഇറങ്ങി. കഴിഞ്ഞ മാര്‍ച്ചിന് ശേഷം ഒരു മത്സരത്തിലും ഇംഗ്ലണ്ട് ഗോള്‍ വഴങ്ങിയിരുന്നില്ല. ഈ ഗോള്‍ വന്നതോടെ ഇംഗ്ലണ്ട് ഗോളി പിക്‌ഫോഡും ഏറ്റവും കൂടുതല്‍ നേരം ഗോള്‍ വഴങ്ങാതെ നിന്നതിന്റെ റെക്കോഡ് കുറിച്ചു. ഗോര്‍ദന്‍ ബാങ്ക്‌സില്‍ നിന്നുമാണ് പിടിച്ചെടുത്തത്. 1966 ല്‍ 720 മിനിറ്റാണ് ഗോര്‍ഡന്‍ ബാങ്ക്‌സ് ഗോള്‍ വഴങ്ങാതെ കാത്തത്.

പത്തുമിനിറ്റു പോലും ഡന്മാര്‍ക്കിന് ആഘോഷിക്കാന്‍ വകയുണ്ടായിരുന്നുള്ളൂ. 39 മിനിറ്റില്‍ ഇംഗ്ലണ്ട് തിരിച്ചടിച്ചു. ഹാരി കെയ്ന്‍ നല്‍കിയ ഒരു സ്ലൈഡ് – റൂള്‍ പാസ് ബുകായോ സക ഓടിയെടുക്കുകയും റഹീം സ്‌റ്റെര്‍ലിംഗിനെ ലക്ഷ്യമാക്കി ഒരു താഴ്ന്ന ക്രോസായി നല്‍കുകയും ചെയ്തു. സ്‌റ്റെര്‍ലിംഗിനെ തടയാന്‍ ഓടിയെത്തിയ ഡാനിഷ് നായകന്‍ സിമോണ്‍ ജീറിന്റെ കാലില്‍ തട്ടി പന്ത് വലിയിലേക്ക്.

സാധാരണ സമയത്ത് ഇരുടീമുകളും 1-1 തുല്യത പാലിച്ചതിനെ തുടര്‍ന്നായിരുന്നു കളി അധിക സമയത്തേക്ക് നീണ്ടത്. 104 ാം മിനിറ്റില്‍ ഇംഗ്ലണ്ട് വിധി നിര്‍ണ്ണയിച്ച ഗോള്‍ നേടി. ക്രിസ്റ്റിയന്‍ നോള്‍ഗാര്‍ഡ് ഉള്‍പ്പെടെയുള്ള ഡാനിഷ് പ്രതിരോധം റെഹീം സ്റ്റെര്‍ലിംഗിന്റെ വേഗതയോട് പൊരുത്തപ്പെടാനാകാതെ ബോക്‌സില്‍ വീഴ്ത്തിയതിന് വാറിന്റെ സഹായത്തോടെ റഫറി പെനാല്‍റ്റി വിധിച്ചു. കെയ്‌ന്റെ കിക്ക് ഡാനിഷ് ഗോളി കാസ്പര്‍ ആദ്യം തട്ടിയെങ്കിലും തട്ടിയിട്ടത് കെയ്‌ന്റെ മുന്നിലേക്ക് തന്നെയായിരുന്നു. രണ്ടാമത്തെ അടിയില്‍ പന്ത് കെയ്ന്‍ വലയ്ക്കകത്ത് തള്ളി.

ഈ ഗോളിന് ശേഷം ഡാനിഷ് മുന്നേറ്റങ്ങളെ ഇംഗ്ലണ്ട് പ്രതിരോധവും പിക്‌ഫോഡിന്റെ മികവും തടഞ്ഞതോടെ അവര്‍ക്ക് മടക്കമായി. കളിയുടെ അവസാന മിനിറ്റില്‍ ഇംഗ്ലണ്ട് ഏതാനും ശ്രമങ്ങള്‍ കൂടി നടത്തിയെങ്കിലും ഷ്മിഷേലിന് മുന്നില്‍ വിലപ്പോയില്ല. ഇതോടെ ഇംഗ്ലണ്ട് ഫൈനലില്‍ കടന്നു. 11 ന് ഇതേ മൈതാനത്ത് ഇംഗ്ലണ്ട് ഇറ്റലിയെ നേരിടും. അരനൂറ്റാണ്ടിന്റെ കാത്തിരിപ്പാണ് ഇതിലൂടെ ഇംഗ്ലണ്ട് അവസാനിപ്പിച്ചത്.

1966 ലോകകപ്പിന് ശേഷം ഇംഗ്ലണ്ട് ഒരു മേജര്‍ ടൂര്‍ണമെന്റില്‍ ഫൈനലില്‍ കടക്കുന്നതും ഇതാദ്യമാണ്. കഴിഞ്ഞ ലോകകപ്പില്‍ കപ്പിന് തൊട്ടടുത്തു വരെ എത്തിയിരുന്നെങ്കിലും സെമിയില്‍ കീഴടങ്ങാനായിരുന്നു ഇംഗ്ലണ്ടിന്റെ വിധി.

Categories: Sports

Tagged as: , ,

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s