
തിരുവനന്തപുരം : മാതാപിതാക്കളുടെ ബാങ്ക് അക്കൗണ്ടുകള്‍ ചോര്‍ത്തുന്ന ഓണ്‍ലൈന്‍ ഗെയിമുകള്‍ വ്യാപകമാകുന്നു. ഗെയിം അപ്ഗ്രേഡുകളുടെ പേരിലാണ് കുട്ടികളില്‍ നിന്നും വലിയ തുകകള്‍ ഗെയിം പ്ലാറ്റ് ഫോമുകള്‍ ഈടാക്കുന്നത്. ഇത്തരത്തില്‍ പണം നഷ്ടപ്പെട്ട ആളുകള്‍ പൊലീസില്‍ പരാതിപ്പെട്ടതോടെയാണ് സ്വന്തം മക്കള്‍ തന്നെയാണ് മോഷ്ടാക്കളെന്ന വിവരം പുറത്തു വന്നത്. വലിയ തുകകള്‍ നഷ്ടമായ ശേഷമാണ് മാതാപിതാക്കള്‍ വിവരമറിയുന്നത്. പ്രതിസ്ഥാനത്ത് മക്കളായതുകൊണ്ട് പരാതികള്‍ ഉണ്ടാകില്ലായെന്നത് വില്പന സംഘങ്ങള്‍ക്കും രക്ഷയാകുന്നു.
ഫ്രീഫയര്‍ എന്ന ഗെയിമിന്റെ പേരിലാണ് ഇപ്പോള്‍ വ്യാപകമായി ഇത്തരം ചൂഷണങ്ങള്‍ നടത്തുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഫ്രീ ഫയറിന്റെ പേരില്‍ ആദ്യം ലഭിച്ച പരാതി ആലുവയില്‍ നിന്നായിരുന്നു. അക്കൗണ്ടില്‍നിന്ന് മൂന്നു ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടുവെന്ന പരാതിയുമായാണ് വീട്ടമ്മ പൊലീസിനെ സമീപിച്ചത്. തുടര്‍ന്ന് സൈബര്‍ പൊലീസ് വിഭാഗത്തിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഫ്രീ ഫയര്‍ ഗെയിം കളിച്ച് കുട്ടി പണം നഷ്ടപ്പെടുത്തിയതായി കണ്ടെത്തിയത്. 50 രൂപമുതല്‍ 5,000 രൂപവരെയാണ് ഒരോ ഇടപാടിലും 14 കാരന് ചെലവാക്കിയത്. ആകെ 225 തവണ പണം അടച്ചുവെന്നും കണ്ടെത്തി. ഗെയിം ലഹരിയിലായ വിദ്യാര്‍ത്ഥി ഒരു ദിവസം തന്നെ പത്ത് തവണ ചാര്‍ജ് ചെയ്തിട്ടുണ്ട്. അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് പലപ്പോഴായി പണം അക്കൗണ്ടില്‍ നിന്നു പോയതായി അറിഞ്ഞത്. സംഭവം മാതാപിതാക്കള്‍ അറിഞ്ഞു വന്നപ്പോഴേക്കും ലക്ഷങ്ങള്‍ നഷ്ടപ്പെട്ടിരുന്നു.
കണ്ണൂരില്‍ ജയില്‍ ഉദ്യോഗസ്ഥന്റെ അക്കൗണ്ടില്‍ നിന്നും ഫ്രീ ഫയറിന് വേണ്ടി മകന് ചോര്‍ത്തിയത് 612000 രൂപയാണ്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ വീവിങ് ഇന്‍സ്പെക്ടറായ പന്ന്യന്നൂരിലെ പാച്ചാറത്ത് വിനോദ് കുമാറിന്റെ അക്കൗണ്ടില്‍നിന്നാണ് പണം നഷ്ടപ്പെട്ടത്. വീട് നിര്‍മ്മാണത്തിന് വിനോദ് കുമാര്‍ വായ്പയെടുത്തിരുന്നു. ഈ തുകയാണ് അക്കൗണ്ടിലുണ്ടായിരുന്നത്.
വിനോദ് കുമാറിന്റെ മകന് ഓണ്‍ലൈനായി ഫ്രീഫയര്‍ എന്ന ഗെയിം കളിക്കാറുണ്ടായിരുന്നു. ഗെയിമിന്റെ തുടക്കത്തില്‍ ചെറിയ തുക എന്‍ട്രി ഫീ അടച്ചിരുന്നു. ഇതിനുശേഷമാണ് കണ്ണൂര്‍ സൗത്ത് ബസാര്‍ ശാഖയില്‍ അക്കൗണ്ടിലെ ബാക്കിയുള്ള പണവും കാണാതായത്. വിനോദ് കുമാറിന്റെ പരാതിയില്‍ ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അക്കൗണ്ട് നമ്ബറും പാസ്വേഡും മനസ്സിലാക്കി പണം തട്ടിയെടുത്തതായാണ് കരുതുന്നത്.
എന്താണ് ഫ്രീ ഫയര്‍ ഗെയിം?
പബ്ജിക്ക് സമാനമായ സര്‍വൈവല്‍ ഗെയിമാണ് ഫ്രീ ഫയര്‍. നിരന്തരമായി ഗെയിം കളിച്ച് മാനസിക നിലയില്‍ വ്യതിയാനം കാട്ടിയ കുട്ടികള്‍ ചികിത്സ തേടുകയാണ്. ഒരു ദ്വീപിലേക്ക് പാരച്യൂട്ടില്‍ പറന്നിറങ്ങുന്നവര്‍. യുദ്ധഭൂമിലേക്ക് ഇറങ്ങുന്ന ഇവര്‍ ആയുധങ്ങള്‍ തേടുന്നു. പിന്നീട് ഈ ആയുധങ്ങളുമായി പരസ്പരം പോരാടുന്നു. പബ് ജി പോലെ സര്‍വൈവല്‍ ഗെയിമാണ് ഫ്രീ ഫയര്‍.
2019 ല്‍ ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ഗെയിം. 8 കോടി ആക്ടീവ് യൂസേഴ്സാണ് ഈ ഗെയിമിനുള്ളത്. പബ്ജിയുടെ നിരോധനത്തോടെ കളം പിടിച്ച ഫ്രീ ഫയര്‍ ലോക്ഡൗണ്‍ കാലത്ത് അരങ്ങ് വാഴുകയാണ്. ഇന്റര്‍നെറ്റ് ക്ലാസുകള്‍ക്കായി മൊബൈല്‍ഫോണുകള്‍ കുട്ടികളുടെ കയ്യിലായപ്പോള് ഈ ഗെയിം കളിക്കുന്നവരുടെ എണ്ണം കൂടി. ഗെയിം അഡിക്ഷനും. ഊണും ഉറക്കവും ഉപേക്ഷിച്ച് ഗെയിം കളിക്കുന്നവരും ഗെയിമിന്റെ അടുത്തഘട്ടത്തിലേക്ക് പോകാന്‍ കൂടുതല്‍ ആയുധങ്ങള്‍ വാങ്ങാന്‍ മാതാപിതാക്കളുടെ അക്കൗണ്ട് ചോര്‍ത്തുന്നവരും ഏറെയാണ്. ഗെയിമിനടിമപ്പെട്ട നിരവധി കുട്ടികള്‍ ചികിത്സ തേടുന്നു.
ഗെയിമിനടിമപ്പെട്ട കുട്ടികള്‍ ഫോണ്‍ ലഭിക്കാതെ വന്നാല്‍ അക്രമാസക്തരുമാകുന്നു. കേവലം ഗെയിമിന്റെ നിരോധനം എന്നതിനപ്പുറം കാര്യമായ ബോധവത്കരണം ഈ മേഖലയില്‍ ഉണ്ടാകേണ്ടത് ആവശ്യമാണ്. പ്രത്യേകിച്ച് കുട്ടികള്‍ ഇന്റര്‍നെറ്റിന്റെ നാല് ചുമരുകള്‍ക്കുള്ളില്‍ പുതിയ ലോകം കണ്ടെത്തുന്ന ഇക്കാലത്ത്.
ഫ്രീ ഫയറിന്റെ പേരില്‍ ആത്മഹത്യയും
ഇതിനിടെ ഫ്രീ ഫയര്‍ ഗെയിമിന് അടിമപ്പെട്ട് വന്‍തുകകള്‍ നഷ്ടപ്പെടുത്തിയതില്‍ മനംനൊന്തും രക്ഷിതാക്കളുമായി പിണങ്ങിയും വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്യുന്നതും വര്‍ദ്ധിക്കുകയാണ്. കഴിഞ്ഞ ആഴ്ച്ചയാണ് ഇടുക്കി കട്ടപ്പന സ്വദേശിയായ പതിനാലുകാരന് ആത്മഹത്യ ചെയ്തത്. ഓണ്‍ലൈന്‍ പഠനത്തിന് വേണ്ടി മകന് മൊബൈല്‍ നല്കി ജോലിക്ക് പോയ ശ്രീജ ഒരിക്കലും പ്രതീക്ഷിച്ചില്ല തിരിച്ചെത്തുമ്ബോള്‍ പൊന്നുമോന്റെ ചേതനയറ്റ ശരീരം കാണേണ്ടി വരുമെന്ന്. മാസങ്ങളായി ഫ്രീ ഫയര്‍ എന്ന സര്‍വൈവര്‍ ഗെയിമിന്റെ മായിക ലോകത്തായിരുന്ന ഗര്‍ഷോം എന്ന ഈ പതിനാലുകാരന്റെ അവിവേകം കെടുത്തിയത് ഇവരുടെ സന്തോഷവും സ്വപ്നങ്ങളുമാണ്. മൊബൈല്‍ ഗെയിമിനുവേണ്ടി വലിയ തുകയ്ക്ക് റീച്ചാര്‍ജ് ചെയ്തത് കണ്ടെത്തിയതിനെ തുടര്‍ന്ന് അച്ഛന് രവീന്ദ്രന് ഗര്‍ഷോമിനെ വഴക്ക് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ഗര്‍ഷോം ജീവനൊടുക്കുകയായിരുന്നു.
സമാനമായ സംഭവത്തില്‍ തിരുവനന്തപുരത്തും വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായിരുന്ന അനുജിത്ത് അനില്‍ രണ്ടു മാസം മുന്‍പ് ആത്മഹത്യ ചെയ്യുമ്ബോള്‍ ഫ്രീഫയര്‍ ഗെയിമിന്റെ അടിമയായിയിരുന്നു. ആത്മഹത്യ ചെയ്യുന്നതിന് മുന്‍പുള്ള ദിവസങ്ങളില്‍ മണിക്കൂറുകളോളം മകന് ഗെയിം കളിച്ചിരുന്നതായി അമ്മ സാക്ഷ്യപ്പെടുത്തുന്നു.
മിടുക്കനായ വിദ്യാര്‍ത്ഥിയായിരുന്നു അനുജിത്ത്. ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി. എന്നാല്‍ മൊബൈല്‍ ഗെയിം അനുജിത്തിന്റെ സ്വഭാവം മാറ്റി. ഫ്രീഫയര്‍ ഗെയിമിലേക്ക് ശ്രദ്ധ തിരിഞ്ഞതോടെ അമ്മയും ചേച്ചിയും പറയുന്നതു കേള്‍ക്കാതെയായി. സഹോദരിയുടെ മകളെ പോലും ശ്രദ്ധിക്കാതെയായി. പത്താംക്ലാസിന് ശേഷമാണ് മൊബൈല്‍ ഗെയിമുകളില്‍ കമ്പം കയറിയത്.
മൂന്ന് വര്‍ഷം കൊണ്ടു പൂര്‍ണമായും ഗെയിമിന് അടിമയായി. വീട്ടില്‍ വഴക്കിട്ടു വലിയ വിലയുള്ള മൊബൈല്‍ ഫോണും ഫ്രീഫയര്‍ കളിക്കാന്‍ സ്വന്തമാക്കി. 20 മണിക്കൂര്‍ വരെ ഗെയിം കളിക്കാന്‍ ഉറക്കം നഷ്ടപ്പെടുത്തിയിരുന്നു. മൊബൈല്‍ ചാര്‍ജ് ചെയ്യാന്‍ പണം ചോദിച്ചു നിരന്തരം വഴക്കായിരുന്നു. ഉയര്‍ന്ന തുകയ്ക്കു റീചാര്‍ജ് ചെയ്യണമെന്നായിരുന്നു ആവശ്യം. ഭക്ഷണം പോലും വേണ്ട എന്ന അവസ്ഥയായി. വീട്ടുകാര്‍ പറയുന്നതൊന്നും അനുജിത്ത് അനുസരിക്കാറില്ലെന്നും അനുജിത്തിന്റെ അമ്മ പറയുന്നു. ഒടുവില്‍ പെട്ടെന്നൊരു ദിവസം അനുജിത്തിനെ മുറിക്കുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കാണപ്പെടുകയായിരുന്നു,
ഫ്രീഫയര്‍ ഗെയിമിലൂടെ ഇത്തരത്തില്‍ നിരവധി ആള്‍ക്കാരുടെ പണം നഷ്ടമായിട്ടുണ്ടെന്ന് നേരത്തെ പരാതിയുയര്‍ന്നിരുന്നു. ഇത് പതിവായതോടെ ബോധവത്കരണത്തിന് ഒരുങ്ങുകയാണ് റൂറല്‍ ജില്ലാ പൊലീസ്. കുട്ടികള്‍ കൂടുതല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനാല്‍ മാതാപിതാക്കള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നും പൊലീസ് മുന്നറിയിപ്പ് നല്കി. കൂടുതല്‍ ലൈക്കുകള്‍ ഉള്‍പ്പെടെ ലഭിക്കാന്‍ പണം ഓണ്‍ലൈനായി അടയ്ക്കുമ്ബോള്‍ ബാങ്ക് വിവരങ്ങളും മറ്റുള്ളവര്‍ക്ക് ലഭിക്കുമെന്ന കാര്യം കുട്ടികള്‍ അറിയുന്നില്ല. ഇതിനെതിരെ ബാലാവകാശ കമ്മിഷന് കേസെടുത്തിട്ടുണ്ട്. ഇത്തരം ഗെയിമുകള്‍ തടയാന്‍ വ്യക്തമായ മാര്‍ഗരേഖ പുറപ്പെടുവിക്കുമെന്നും കമ്മിഷന് വ്യക്തമാക്കിയിരുന്നു. ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ കൂടുതല്‍ സമയം കിട്ടുന്നതാണ് കുട്ടികളെ ഗെയിമിന് അടിമകളാക്കുന്നതെന്നാണ് പ്രാഥമിക നിഗമനം.
ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കായി കുട്ടികള്‍ ഉപയോഗിക്കുന്ന മൊബൈലുകള്‍ രക്ഷകര്‍ത്താക്കള്‍ ഇടയ്ക്കിടയ്ക്ക് പരിശോധിക്കണം. മാതാപിതാക്കള്‍ക്ക് കൂടി അറിയുന്ന യൂസര്‍ ഐഡിയും, പാസ്വേഡുകളും മാത്രമേ അക്കൗണ്ടുകളിലും, ഫോണ്‍ ലോക്കിലും ഉപയോഗിക്കാവു എന്നും പൊലീസ് മുന്നറിയിപ്പ് നല്കുന്നു. മാതാപിതാക്കളുടെ ഒണ്‍ലൈന്‍ ബാങ്കിങ് അക്കൗണ്ടുകള്‍ കുട്ടികള്‍ ഉപയോഗിക്കുന്ന മൊബൈല്‍ ഫോണുമായി ബന്ധിപ്പിക്കരുത്. സ്കൂളില്‍ നിന്ന് പഠനാവശ്യങ്ങള്‍ക്ക് അദ്ധ്യാപകര്‍ അയക്കുന്ന ലിങ്കുകള്‍ മറ്റൊരാള്‍ക്കും പങ്കുവയ്ക്കരുത്. ഇങ്ങനെ പങ്കുവച്ചതുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.
Categories: News, Online fraud