
കൊല്ലം : പള്ളിമുക്കില്‍ ഭിന്നശേഷിക്കാരനായ പെട്രോള്‍ പമ്പ് ജീവനക്കാരന് യുവാവിന്റെ ക്രൂരമര്‍ദ്ദനം. പെട്രോള്‍ പമ്പ് ജീവനക്കാരനായ സിദ്ദീഖിനാണ് മര്‍ദ്ദനമേറ്റത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു. അതേസമയം, മര്‍ദ്ദിച്ചയാള്‍ക്കെതിരെ പൊലീസ് നടപടി വൈകുന്നതായി ആരോപണമുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ബൈക്കില്‍ പെട്രോള്‍ അടിക്കുന്നതിന് വേണ്ടി പമ്പില്‍ എത്തിയ കൂട്ടിക്കട സ്വദേശിയായ യുവാവ് പെട്രോള്‍ അടിക്കുന്നതിനെ ചൊല്ലി യാതൊരു പ്രകോപനവും കൂടാതെ ജീവനക്കാരനോട് തര്‍ക്കിക്കുകയും തുടര്‍ന്ന് ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു. സമീപത്ത് ഉണ്ടായിരുന്നവര്‍ പിടിച്ച് മാറ്റാന്‍ ശ്രമിച്ചിട്ടും യുവാവ് മര്‍ദ്ദനം തുടരുകയായിരുന്നു.
ഇതിനിടെ ബാഗില്‍ സൂക്ഷിച്ചിരുന്ന പൈസ വലിച്ചെറിഞ്ഞെന്നും മര്‍ദ്ദനമേറ്റ സിദ്ദിഖ് പറയുന്നു.വെള്ളിയാഴ്ച തന്നെ ഇരവിപുരം പൊലീസ് സ്റ്റേഷനില്‍ പരാതി നല്കി. എന്നാല്‍ പൊലീസ് നടപടികള്‍ വൈകിപ്പിക്കുന്നുവെന്ന് സിദ്ദിഖ് പറയുന്നു. സിദ്ദിഖിനെ മര്‍ദ്ദിച്ച കുട്ടിക്കട സ്വദേശി അലി ഇപ്പോള്‍ ഒളിവിലാണ്. മുന്‍പും അടിപിടി കേസുകളില്‍ പ്രതിയായിരുന്നു ഇയാള്‍.
Categories: Crime News, District, Kollam, News