
തൃശ്ശൂർ : കുതിരാൻ തുരങ്കം ഓഗസ്റ്റിൽ തന്നെ തുറക്കാൻ സാധിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കുതിരാൻ സന്ദർശനത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂട്ടായ പരിശ്രമമാണ് കുതിരാനിൽ നടന്നു കൊണ്ടിരിക്കുന്നത്.കാലാവസ്ഥ അനുകൂലമാണെങ്കിൽ അടിയന്തിരമായി തീരേണ്ട നിർമാണ പ്രവർത്തനങ്ങൾ ജൂലൈ മാസം തന്നെ പൂർത്തിയാക്കാൻ സാധിക്കും
നിലവിൽ നടന്നുവരുന്ന പ്രവർത്തനങ്ങൾ തൃപ്തികരമാണ് 24 മണിക്കൂറും നിർമാണ ജോലികൾ നടത്താൻ അനുവാദമുണ്ട്. ജില്ലാ കളക്ടർ കൃത്യമായ ഇടവേളകളിൽ പ്രവർത്തനങ്ങൾ വിലയിരുത്തുന്നുണ്ട്. ആവശ്യാനുസരണം തൊഴിലാളികളുടെ എണ്ണം വർധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
ടണലിന്റെ അകത്ത് നടക്കുന്ന പ്രവർത്തനങ്ങൾ,മുകൾ വശത്ത് മണ്ണ് ബലപ്പെടുത്തുന്ന പ്രവർത്തനങ്ങൾ,കൺട്രോൾ റൂം എന്നിവ മന്ത്രിയുടെ നേതൃത്വത്തിൽ പരിശോധിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റർ, പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രൻ, ജില്ലാ കളക്ടർ എസ്. ഷാനവാസ്, അസിസ്റ്റന്റ് കലക്ടർ സൂഫിയാൻ അഹമ്മദ്, ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.