
കൊച്ചി : കോവിഡ് ലോക്ഡൗണ്‍ പലയിടത്തും തുടരുന്നതിനിടെ കെഎസ്ഇബിയുടെ ഇരുട്ടടി.
കുടിശിക വരുത്തിയ വൈദ്യുതി ഉപഭോക്താക്കള്‍ക്ക് ഉടന്‍ കണക്ഷന് വിഛേദിക്കാനുള്ള നോട്ടിസ് നല്കാന് കെഎസ്ഇബി നിര്‍ദേശം.
എക്സിക്യൂട്ടീവ് എന്‍ജിനീയര്‍മാര്‍ക്കു ഫോണ്‍ സന്ദേശമായാണ് അറിയിപ്പ്. 15 ദിവസത്തെ നോട്ടിസ് കാലാവധി കഴിയുന്നതോടെ കുടിശികയുള്ളവരുടെ കണക്ഷന് വിഛേദിക്കും.
കുടിശിക പിരിക്കാതെ മുന്നോട്ടുപോകാന്‍ കഴിയാത്ത അവസ്ഥയിലാണെന്നു വൈദ്യുതി ബോര്‍ഡ് വിശദീകരിക്കുന്നു.
ലോക്ഡൗണ്‍ കാലത്തു വൈദ്യുതി കണക്ഷന് വിഛേദിക്കില്ലെന്നു സര്‍ക്കാര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ വര്‍ഷവും ലോക്ഡൗണ്‍ സമയത്ത് ഇതുപോലെ നോട്ടിസ് നല്‍കിയെങ്കിലും പരാതികളും വിമര്‍ശനങ്ങളും ഉയര്‍ന്നതോടെ തീരുമാനം പിന്‍വലിച്ചിരുന്നു.
ഉപയോക്താക്കള്‍ അനിശ്ചിതമായി തുക അടയ്ക്കാതിരുന്നാല്‍ ബോര്‍ഡിനു മുന്നോട്ടു പോകാനാവില്ലെന്നും വൈദ്യുതി ചാര്‍ജ് കുടിശിക വരുത്തിയ ഉപയോക്താക്കള്‍ ആവശ്യപ്പെട്ടാല്‍ തുക അടയ്ക്കാന്‍ സാവകാശം നല്‍കുകയോ തവണകള്‍ അനുവദിക്കുകയോ ചെയ്യുമെന്നു വൈദ്യുതി ബോര്‍ഡ് ചെയര്മാന് എന്‍.എസ്.പിള്ള അറിയിച്ചു.
ഇതു രണ്ടും വേണ്ടാത്തവര്‍ പണം അടച്ചേ മതിയാവൂ.
Categories: News