
മലപ്പുറം : രാമനാട്ടുകര സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് അഞ്ചുപേര്‍കൂടി പിടിയില്‍. കൊടുവള്ളി നാട്ടുകല്ലിങ്ങല്‍ കോട്ടയ്ക്കല്‍ സ്വദേശികളായ മേലേകുണ്ടത്തില്‍ റിയാസ് (33), പിലാവുള്ളതില്‍ മുഹമ്മദ് ബഷീര്‍ (39), ഓയലക്കുന്ന് പുറായില്‍ മുഹമ്മദ് ഹാഫിസ് (28), കോട്ടക്കല്‍ മുഹമ്മദ് ഫാസില്‍ (28), പുണ്ടത്തില്‍ ഷംസുദ്ദീന് (35) എന്നിവരെയാണ് കൊണ്ടോട്ടി ഡിവൈ.എസ്.പി കെ. അഷ്റഫിന്റെ നേതൃത്വത്തില്‍ അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
നേരത്തേ പിടിയിലായ കൊടുവള്ളി വാവാട് സ്വദേശി സുഫിയാനില്‍ നിന്നാണ് ഇവരെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. ജൂണ്‍ 21ന് പുലര്‍ച്ച പെരിന്തല്‍മണ്ണ സ്വദേശി ഷഫീഖ് ദുബായില്‍നിന്ന് കടത്തിയ സ്വര്‍ണം തട്ടിയെടുക്കാന്‍ സുഫിയാന് ചുമതലപ്പെടുത്തിയ സംഘത്തിലുള്ളവരാണ് പ്രതികളെന്നാണ് സൂചന.
റിയാസിന്റെ നേതൃത്വത്തില്‍ രണ്ടു വാഹനങ്ങളിലായി എട്ടുപേരാണ് സംഭവ ദിവസം കരിപ്പൂരിലെത്തിയത്. ഇവരില്‍ ബാക്കി മൂന്നുപേരെ പിടികൂടാനുണ്ട്.
വയനാട്ടിലേക്ക് കടക്കാനിരിക്കെ താമരശ്ശേരി ചുരത്തില്‍ നിന്നാണ് പ്രത്യേക സംഘം ഇവരെ പിടികൂടിയതെന്ന് ഡിവൈ.എസ്.പി കെ. അഷ്റഫ് പറഞ്ഞു. മറ്റുള്ളവരെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവര്‍ കരിപ്പൂരിലെത്തിയ വാഹനങ്ങളും കണ്ടെടുക്കാനുണ്ട്.
ഇതോടെ രാമനാട്ടുകര വാഹനാപകടത്തിലെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് പിടിയിലായവരുടെ എണ്ണം 16 ആയി. അറസ്റ്റിലായ ആര്‍ക്കും ഇതുവരെ ജാമ്യം ലഭിച്ചിട്ടില്ല. വെള്ളിയാഴ്ച പ്രതികളെയും കൂടുതല്‍ അന്വേഷണത്തിന് കസ്റ്റഡിയില്‍ വാങ്ങും.
Categories: Crime News, Gold, Kozhikode, Malappuram, News