
കോഴിക്കോട് : കോടഞ്ചേരി ചാലിപ്പുഴയിൽ കുളിക്കാനിറങ്ങിയ നാലംഘസംഘം ഒഴുക്കിൽപെട്ട് സംഘത്തിലെ രണ്ട് പേരും രക്ഷിക്കാനിറങ്ങിയ ഒരാളും മരിച്ചു. പെരുമണ്ണ പുതിയോട്ടിൽ ഇർഷാദിന്റെ ഭാര്യ ആയിഷ നിഷില (21)യാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഒപ്പമുണ്ടായിരുന്നകിണാശ്ശേരി തച്ചറക്കല്‍ വീട്ടിൽ അൻസാർ മുഹമ്മദി(26)നെ വെള്ളിയാഴ്ച്ച രാവിലെയോടെയാണ് കണ്ടെത്തിയത്. അൻസാറിനായുള്ള തെരച്ചിൽ നടത്തി മൃതദേഹം കരയ്ക്ക് എത്തിക്കുന്നതിനിടെ വെള്ളത്തിൽ കുഴഞ്ഞു വീണ പുലിക്കയം സ്വദേശി ജയപ്രകാശ്(55)ആണ് മരിച്ച മൂന്നാമത്തെയാൾ. സംഘത്തിലുണ്ടായിരുന്ന രണ്ട് പേർ രക്ഷപെട്ടിരുന്നു.
വയനാട് കമ്പളക്കാട് പോയി വരുന്ന വഴിക്ക് ആണ് ഇവർ ചാലിപ്പുഴയിൽ ഇറങ്ങിയത്.
ചൂരമുണ്ടയിൽ ചാലിപ്പുഴയിലെ പുളിഞ്ചോട്ടിൽ കയത്തിന് സമീപം വ്യാഴാഴ്ച്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ശേഷം ഇവർ പുഴയിലെ കല്ലുകളിൽ ഇരിക്കുന്നതായി സമീപ വാസികൾ കണ്ടിരുന്നു. പിന്നീട് പുഴയിൽ കുളിക്കുന്നതിനിടയിൽ ശക്തമായ മലവെള്ളപ്പാച്ചിലുണ്ടാവുകയും ഒഴുക്കിൽപെടുകയുമായിരുന്നു.
സുഹൃത്തുക്കളായ ഇർഷാദ്, ഭാര്യ ആയിഷ നിഷില, അൻസാർ, അജ്മൽ എന്നിവർ രണ്ട് ബൈക്കുകളിലായാണ് സ്ഥലത്തെത്തിയത്. ആയിഷ നിഷിലയും, അൻസാറും ഒഴുക്കിൽപെട്ടു. നീന്തി രക്ഷപ്പെട്ട മറ്റ് രണ്ട് പേർ പരിസരവാസികളെ വിവരം അറിയിക്കുകയായിരുന്നു. പിന്നീട് നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് കോടഞ്ചേരി പൊലീസും മുക്കം ഫയർ ഫോഴ്സും സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചു. ആയിഷ നിഷിലയെ വ്യാഴാഴ്ച്ച രാത്രിയിൽ ലഭിക്കുകയും സുഹ്യത്ത് അൻസാറിനെ ഇന്ന് രാവിലെയുമാണ് ലഭിച്ചത്. മേൽ നടപടികൾ സ്വീകരിച്ച ശേഷം മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളെജിലേയ്ക്ക് മാറ്റി.വള്ളത്തിൽ കുഴഞ്ഞ് വീണ് മരിച്ച ജയപ്രകാശിന്റെ ഭാര്യ: ഇന്ദിര,മക്കൾ: ലീന, അഞ്ജന.