
കൊല്ലം : ഊഴായിക്കോട്ട് പ്രസവിച്ച ഉടന്‍ നവജാത ശിശുവിനെ അമ്മ കരിയിലക്കൂനയില്‍ ഉപേക്ഷിച്ച കേസില്‍ പുതിയ വഴിത്തിരിവ്. ഫേസ്ബുക്ക് ചാറ്റിലൂടെ മാത്രം പരിചയമുള്ള കാമുകന് വേണ്ടിയാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് പിടിയിലായ രേഷ്മ പോലീസിനോട് പറഞ്ഞിരുന്നു. അന്വേഷണത്തിനൊടുവില്‍ രേഷ്മയുടെ അഞ്ജാതനായ കാമുകന്റെ ഫേസ്ബുക്ക് ഐഡി പോലീസ് കണ്ടെത്തി. എന്നാല്‍, അനന്തു എന്ന് പേരുള്ള ഈ ഐഡി വ്യാജമാണെന്ന് പോലീസ് അറിയിച്ചു.
അനന്തുവിനെ കാണാന്‍ വേണ്ടി പല സ്ഥലങ്ങളിലും രേഷ്മ എത്തിയിരുന്നു. എന്നാല്‍ ഒരിക്കല്‍ പോലും നേരിട്ട് രേഷ്മയ്ക്ക് തന്റെ കാമുകനെ കാണാനായിട്ടില്ല. രേഷ്മയുടെ കാമുകനായ അനന്തു ആരെന്ന ചോദ്യം നീളുന്നത് സംഭവത്തില്‍ ആത്മഹത്യ ചെയ്ത ആര്യയിലേക്കും ഗ്രീഷ്മയിലേക്കുമാണ്.
രേഷ്മയുടെ ഭര്‍ത്താവിന്റെ ബന്ധുക്കളായ ആര്യ, ഗ്രീഷ്മ എന്നിവരെ ഇത്തിക്കരയാറ്റില്‍ ആത്മത്യ ചെയ്ത നിലയില്‍ കണ്ടെത്തിയിരുന്നു. രേഷ്മ ചതിച്ചെന്ന് കുറിപ്പ് എഴുതി വെച്ചിട്ടായിരുന്നു ഇരുവരും ആത്മത്യ ചെയ്തത്. സംഭവത്തിലെ ദുരൂഹത നീക്കാനൊരുങ്ങുകയാണ് പോലീസ്.
എന്നാല്‍, ആത്മത്യ ചെയ്ത യുവതികള്‍ക്കെതിരെ മറ്റൊരു ആരോപണമാണ് നാട്ടുകാര്‍ ഉന്നയിക്കുന്നത്. രേഷ്മയുടെ അനന്തു എന്ന ‘കാമുകന്’ പെണ്‍കുട്ടികള്‍ തന്നെയാണോ എന്ന സംശയമാണ് നാട്ടുകാര്‍ ഉന്നയിക്കുന്നത്. അറസ്റ്റിലായ രേഷ്മയുമായി ഫെയ്സ്ബുക്കില്‍ കാമുകനെന്ന വ്യാജേന ചാറ്റ് ചെയ്തത് ആത്മഹത്യ ചെയ്ത പെണ്കുട്ടികളാണോ എന്ന് സംശയിക്കുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞതായി റിപ്പോര്‍ട്ട് . തമാശയ്ക്ക് വേണ്ടി യുവതികള്‍ അനന്തു എന്ന പേരില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കുകയും രേഷ്മയുടെ ചങ്ങാത്തം കൂടി പതിയെ പ്രണയത്തിലാവുകയും ചെയ്തതാകാമെന്ന് സമീപവാസികള്‍ സംശയിക്കുന്നു. കാമുകനെ ഒരിക്കലും നേരില്‍ കണ്ടിട്ടില്ല എന്ന രേഷ്മയുടെ മൊഴി തങ്ങളുടെ സംശയം ശരി വെയ്ക്കുന്നതാണെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, ആത്മഹത്യ ചെയ്ത പെണ്‍കുട്ടികളുടെ മൊബൈല്‍ ഫോണുകളും നമ്ബറുകളും സന്ദേശങ്ങളും സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലീസ് പരിശോധിച്ചു വരികയാണ്. നാട്ടുകാരുടെ സംശയത്തില്‍ എന്തെങ്കിലും വസ്തുതയുണ്ടോ എന്ന് പരിശോധനയ്ക്ക് ശേഷം അറിയിക്കാമെന്നാണ് പാരിപ്പള്ളി പൊലീസ് വ്യക്തമാക്കി. രേഷ്മയുടെ ഭര്‍ത്താവിന്റെ സഹോദരന്റെ ഭാര്യയാണ് ആര്യ, രേഷ്മയുടെ ഭര്‍ത്താവിന്റെ സഹോദരിയുടെ മകളാണ് ഗ്രീഷ്മ.
ആര്യയുടെ പേരിലുള്ള മൊബൈല്‍ നമ്ബര്‍ ഉപയോഗിച്ചുകൊണ്ടാണ് രേഷ്മ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടക്കിയതെന്ന് കണ്ടെത്തിയതോടെ പോലീസ് ഇവരെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. സാധനങ്ങള്‍ വാങ്ങാന്‍ പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ആര്യ ഗ്രീഷ്മയെയും ഒപ്പം കൂട്ടി. പിന്നീട് ഇവരെ ഇത്തിക്കരയാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
Categories: Crime News, Kollam, News