
വയനാട് : ദിവസങ്ങള്‍ക്ക് മുന്‍പാണ് നാടിനെ ഞെട്ടിച്ച ഇരട്ടക്കൊലപാതകം നെല്ലിയമ്ബത്ത് നിന്നും പുറത്ത് വന്നത്. എന്നാല്‍ സംഭവത്തില്‍ ഭീതിയൊഴിയും മുമ്ബേ നെല്ലിയമ്ബത്ത് വീണ്ടും അജ്ഞാത സംഘമെത്തിയതായി റിപ്പോര്‍ട്ടുകള്‍..
നെല്ലിയമ്ബം ചോയികൊല്ലിയില് വാഴക്കണ്ടി ദേവദാസന്റെ വീടിന്റെ മുമ്ബിലാണ് വ്യാഴാഴ്ച രാത്രി 11.30-ഓടെ ഒരു വാഹനമെത്തി തിരിച്ചു പോയത്. മുഖംമൂടി അണിഞ്ഞെത്തിയ അജ്ഞാത സംഘത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കേശവന്റെയും പത്മാവതിയുടെയും വീട്ടില്‍ നിന്ന് രണ്ടു കിലോമീറ്റര്‍ മാത്രം അകലെയാണ് സംഭവം. ദേവദാസും ഭാര്യ വീണയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. രാത്രിയില്‍ വളര്‍ത്തു നായയുടെ ശബ്ദംകേട്ട് ജനാല വഴി വെളിച്ചം തെളിച്ചതോടെ വാഹനവുമായി സംഘം കടന്നു കളയുകയായിരുന്നെന്ന് ദേവദാസ് പറഞ്ഞു.
കാര്‍പോര്‍ച്ചില്‍നിന്ന് ഒരു വാഹനം അതിവേഗം തിരികെപ്പോകുന്നതാണ് കണ്ടത്. പോര്‍ച്ചില്‍ വാഹനം വന്നതിന്റെ അടയാളങ്ങളുണ്ട്. വീട്ടിലേക്ക് പ്രവേശിക്കുന്ന മറ്റൊരു വഴിയില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നുണ്ട്. ഇതിലൂടെയാണ് സംഘം രക്ഷപ്പെട്ടതെന്നാണ് കരുതുന്നത്. കാട്ടാന ശല്യമുള്ള പ്രദേശമായ ഇവിടെ ഇവരുടെ വീട്ടിലേക്കുള്ള ഗേറ്റ് ആന തകര്‍ക്കുന്നത് പതിവായിരുന്നു. ഇതിനാല്‍ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നിര്‍ദേശ പ്രകാരം ഇപ്പോള്‍ ഗേറ്റ് അടച്ചിടാറില്ലെന്ന് ദേവദാസ് പറഞ്ഞു.
രാവിലെ അയല്‍ക്കാരോട് സംഭവത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ അവര്‍ വാഹനം ഇവരുടെ വീട്ടിലേക്ക് ഇറങ്ങിപ്പോവുന്നതും ഉടനെ തിരികെപ്പോയതും കണ്ടതായി പറഞ്ഞു. ചുവന്ന നിറത്തിലുള്ള ഒരു കാറാണെന്നാണ് സംശയം. ഇതേ കാര്‍ കുറെ നേരം റോഡരികില്‍ നിര്‍ത്തിയിട്ടതായും അയല്‍ക്കാര്‍ പറയുന്നുണ്ട്.
രാത്രി 12.30-ഓടെ ഒരു ബുള്ളറ്റും മറ്റൊരു കാറും പരിസരത്ത് കറങ്ങിയതായും നാട്ടുകാര്‍ പറയുന്നുണ്ട്. സംഭവത്തില്‍ ദേവദാസ് പനമരം പോലീസില്‍ പരാതി നല്കി. പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇരട്ടക്കൊലപാതകത്തിന്റെ ആശങ്കയൊഴിയും മുമ്ബേ അസ്വാഭാവികമായ സംഭവം പ്രദേശത്ത് ഭീതിക്കിടയാക്കുന്നുണ്ട്. കേശവന്റെയും പത്മാവതിയുടെയും കൊലയാളികളെ പിടികൂടുന്നതിനായി വന്‍ പോലീസ് സന്നാഹം പ്രദേശത്ത് ക്യാമ്ബ് ചെയ്യുമ്ബോഴും ഇത്തരത്തില്‍ വാഹനങ്ങള്‍ എത്തിയെന്നത് ദുരൂഹത വര്‍ധിപ്പിക്കുകയാണ്.
കൊല്ലപ്പെട്ട വയോധിക ദമ്ബതിമാരുടെ വീടും റോഡില്‍ നിന്ന് 200 മീറ്ററോളം മാറി തോട്ടത്തിനകത്താണ്. സമീപത്തായി വീടുകളും കുറവാണ്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി 8.30-ഓടെയാണ് കാവടത്തെ പത്മാലയം വീട്ടില്‍ ആക്രമണമുണ്ടായത്. കൊലയാളികളെക്കുറിച്ച് ഇതുവരെ പോലീസിന് കാര്യമായ തുമ്ബൊന്നും ലഭിച്ചിട്ടില്ലെന്നാണ് വിവരം. പ്രദേശത്തെ സി.സി.ടി.വികളും മൊബൈല്‍ ടവര്‍ ലൊക്കേഷനുകളും പോലീസ് പരിശോധിച്ചെങ്കിലും കാര്യമായൊന്നും കണ്ടെത്താനായിട്ടില്ല.
പ്രതികളെ കണ്ടെത്തുന്നതിനായി ഊര്‍ജിതമായ അന്വേഷണം പോലീസ് തുടരുന്നുണ്ട്. സംശയമുള്ള ആളുകളെയും പരിസരവാസികളെയും ബന്ധുക്കളെയും പല തവണ ചോദ്യം ചെയ്തിട്ടുണ്ട്. ഇതര സംസ്ഥാന തൊഴിലാളികള്‍, വീട്ടില്‍ ജോലിക്കെത്തിയവര്‍ എന്നിവരെ കേന്ദ്രീകരിച്ചെല്ലാം അന്വേഷണം പുരോഗമിക്കുകയാണ്.
Categories: Crime News, District, News, Wayanad