
തൃശൂര്‍ : മഴ ഒഴിഞ്ഞ 20 ദിവസമുണ്ടെങ്കില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് കുതിരാനില്‍ ഒരു ടണല്‍ ആഗസ്റ്റ് ഒന്നിന് തുറക്കാന്‍ കഴിയുമെന്ന് കമ്ബനി അധികൃതരുടെ ഉറപ്പ്. ഇന്നലെ മഴ ഒഴിഞ്ഞതിനാല്‍ കിഴക്കെ തുരങ്കമുഖത്ത് കുതിരാന്‍ മലയുടെ മുകള്‍ ഭാഗത്തു തട്ടുകളാക്കി തിരിച്ച് കോണ്‍ക്രീറ്റ് ചെയ്യുന്നതിനുള്ള പണികള്‍ക്ക് തുടക്കമായി.
മഴ ഒഴിവാകുന്ന സമയം പൂര്‍ണമായും പ്രയോജനപ്പെടുത്തി യുദ്ധകാല അടിസ്ഥാനത്തിലാണ് നിര്‍മ്മാണം നടക്കുന്നത്. മലയെ പ്രധാനമായും നാല് തട്ടുകളാക്കി തിരിച്ചാണ് കോണ്‍ക്രീറ്റിംഗ്. ഇതില്‍ ആദ്യം ഉരുക്കുവല ഘടിപ്പിക്കും. അതിനുശേഷമാണ് കോണ്‍ക്രീറ്റിട്ട് ശക്തിപ്പെടുത്തുന്നത്. മലയില്‍ രണ്ടിടത്ത് അഴുക്കുചാലുകളും പണിയും.
മഴവെള്ളം മലയിലേക്ക് ഊര്‍ന്നിറങ്ങാതെ താഴേക്ക് ഒലിച്ചുപോകാന്‍ ചാലുകള്‍ സഹായിക്കും. ഈ ചാലുകളിലെ വെള്ളം തുരങ്കമുഖത്ത് നിര്‍മിക്കുന്ന പുതിയ ചാലിലേക്ക് എത്തിക്കും.
തുരങ്കത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയായ ഉടന്‍ മലയുടെ മുകളില്‍ പ്രാഥമികമായി കോണ്‍ക്രീറ്റിംഗ് നടത്തിയിരുന്നു. കോണ്‍ക്രീറ്റ് ചെയ്യാന്‍ വനഭൂമി കൂടുതലായി ഏറ്റെടുത്തിട്ടുണ്ട്. നിലവില്‍ മലയിലെ ഇളകി നില്ക്കുന്ന മണ്ണ് പൂര്‍ണമായും നീക്കം ചെയ്തിട്ടുണ്ട്. പാറക്കെട്ടുകളില്‍ റോക്ക് ബോള്‍ട്ട് ഉപയോഗിച്ചാണ് ഉരുക്കുവല ഉറപ്പിക്കുന്നത്. ഹൈക്കോടതിയുടെ നിരന്തര ഇടപെടലുകളെ തുടര്‍ന്നാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗമുണ്ടായത്.
മണ്ണിടിച്ചില്‍ തടയാന്‍
2018 ആഗസ്റ്റിലെ പ്രളയത്തില്‍ മലയിടിഞ്ഞു മണ്ണും കല്ലും മരങ്ങളും വീണത് വലിയ ഗതാഗതപ്രതിസന്ധി സൃഷ്ടിച്ചിരുന്നു. 2019ലും മണ്ണിടിഞ്ഞു. നിരവധി അപകടങ്ങളുമുണ്ടായി. ഇതോടെ റോഡ് സുരക്ഷയില്‍ വ്യാപകമായ ആക്ഷേപം ഉയര്‍ന്നു. പലതവണ നിര്‍മ്മാണവും മുടങ്ങി. ഒടുവില്‍ മണ്ണ് ഇടിയാതിരിക്കാന്‍ തട്ടുകളായി തിരിച്ച് കോണ്‍ക്രീറ്റിംഗ് നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനായി എറണാകുളത്തുനിന്ന് ഹെവി ക്രെയിന്‍ കുതിരാനില്‍ എത്തിച്ചിട്ടുണ്ട്. മലയുടെ മുകളിലേക്ക് കോണ്‍ക്രീറ്റ് മിശ്രിതം എത്തിക്കാനാണിത്. ഒരു ലക്ഷത്തിലേറെയാണ് ഇതിന് ദിവസവാടക.
മലയുടെ ഉയരം: 200 അടി. കോണ്‍ക്രീറ്റിംഗ്: 60 മീറ്റര്‍ ഉയരത്തില്‍.
നിര്‍മ്മാണപുരോഗതി വിലയിരുത്തി മുഖ്യമന്ത്രി പറഞ്ഞത്:
കുതിരാനില്‍ ആഗസ്റ്റ് ഒന്നിന് ഒരു തുരങ്കം ഗതാഗതത്തിന്
തുറന്നുകൊടുക്കാനുള്ള സൗകര്യം ഉടന്‍ ഒരുക്കണം.
എല്ലാ പ്രവൃത്തികളും അതിനുമുന്‍പ് പൂര്‍ത്തീകരിക്കണം. ബന്ധപ്പെട്ട അനുമതികളും നേടണം.
മണ്‍സൂണ്‍ കാലമാണെങ്കിലും പ്രവര്‍ത്തനം തടസ്സമില്ലാതെ മുന്നോട്ടുപോകാനുള്ള നടപടികള്‍ സ്വീകരിക്കണം.
മഴ മാത്രമാണ് മുന്നിലുളള വെല്ലുവിളി. സാമ്ബത്തിക പ്രശ്നങ്ങളെല്ലാം പരിഹരിച്ചിട്ടുണ്ട്. ആഗസ്റ്റ് ഒന്നിന് തന്നെ തുരങ്കം തുറക്കാനാകുമെന്നാണ് പ്രതീക്ഷ. അതിവേഗത്തിലാണ് പണികള്‍ നടക്കുന്നത്.