
തിരുവനന്തപുരം : ക്വാറന്റൈൻ ലംഘിക്കുന്നവര്‍ക്ക് ഇനി പൊലീസ് വക ഉപദേശമോ കൗണ്‍സലിങ്ങോ ഇല്ല. ഇത്തരക്കാര്‍ക്കെതിരെ കേരള പകര്‍ച്ചവ്യാധി നിയമം, ദുരന്ത നിവാരണ നിയമം എന്നിവയനുസരിച്ച് നിയമ നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് പൊലീസിന് നിര്‍ദേശം നല്കി.
ക്വാറന്റൈന് ലംഘിക്കുന്നത് രോഗവ്യാപനം വര്ധിപ്പിക്കുമെന്നതിനാല് നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് തീരുമാനം. നിയന്ത്രണങ്ങളില്‍ അയവ് വന്നതോടെ ജനങ്ങളുടെ ഭാഗത്തുനിന്ന് ജാഗ്രതക്കുറവ് ഉണ്ടാകുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം സംഭവങ്ങളില്‍ നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. കാറ്റഗറി എ, ബി വിഭാഗങ്ങളില്‍പ്പെട്ട സ്ഥലങ്ങളിലും ഇത് ബാധകമാണ്.
വിദേശത്ത് പോകുന്നരുടെ സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച പ്രശ്നം എത്രയും വേഗം പരിഹരിക്കും. ഫീസ് അടച്ചില്ലെന്ന പേരില്‍ കുട്ടികളെ ഓണ്‍ലൈന്‍ ക്ലാസില്‍ പ്രവേശിപ്പിക്കാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പിന് നിര്‍ദേശം നല്കി. പി എസ് സി പരീക്ഷകള്‍ മുടക്കമില്ലാതെ നടത്താനുള്ള ക്രമീകരണങ്ങള്‍ നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോവിഡിതര ചികിത്സ പൂര്‍ണതോതില്‍
കോവിഡിതര രോഗങ്ങള്‍ക്കുള്ള ചികിത്സ ഘട്ടം ഘട്ടമായി പൂര്‍ണതോതില്‍ ആരംഭിക്കാന്‍ ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്. ചികിത്സകള്‍ പഴയ രീതിയിലേക്ക് മാറുന്നതിനിടെയാണ് രണ്ടാം തരംഗം വന്നത്.
ആശുപത്രികള്‍ക്ക് വീണ്ടും കോവിഡ് ചികിത്സയില്‍ ശ്രദ്ധിക്കേണ്ടിവന്നു. ഇനി കോവിഡിതര രോഗങ്ങള്‍ക്കുള്ള ചികിത്സ പൂര്‍ണമായും ആരംഭിക്കണം.
മുഴുവന്‍ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കും ഡോക്ടര്‍മാര്‍ക്കും വാക്സിന് നല്‍കിയിട്ടുണ്ട്. പിജി വിദ്യാര്‍ഥികള്‍, ഹൗസ് സര്ജന്മാര് എന്നിവരുടെ പഠനം പൂര്‍ത്തിയാക്കി അവരുടെ സേവനം ചികിത്സാരംഗത്ത് പൂര്‍ണമായി ഉപയോഗിക്കേണ്ട സാഹചര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആദ്യ ഡോസ് 40 ശതമാനം പേരിലെത്തി: മുഖ്യമന്ത്രി
കേരളത്തിലെ 40 ശതമാനം പേര്‍ക്കും ആദ്യ ഡോസ് വാക്സിന് നല്കാനായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വാക്സിന് ലഭ്യമാകുന്ന മുറയ്ക്ക് അതിവേഗം വിതരണം പൂര്‍ത്തിയാക്കും. ഒട്ടും പാഴാക്കാതെ വിതരണം ചെയ്യാനാകുന്നുണ്ട്. വാക്സിന് കേന്ദ്രത്തിലെ തിരക്ക് ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. വാക്സിന് ലഭിക്കില്ലെന്ന ഭീതി ആവശ്യമില്ല. സാമൂഹ്യ പ്രതിരോധം ആര്‍ജിക്കാന്‍ സാധിക്കുന്നതുവരെ ജാഗ്രത വേണമെന്നും അദ്ദേഹം പറഞ്ഞു.
Categories: District, News, Press meet, Thiruvananthapuram