
തിരുവനന്തപുരം: കോവിന്‍ പോര്‍ട്ടലില്‍ ജാഗ്രതയോടെ സേര്‍ച്ച് ചെയ്തില്ലെങ്കില്‍ നിങ്ങളുടെ അക്കൗണ്ട് ബ്ലോക്ക് ആകാം. ഒരു ദിവസം നൂറുകണക്കിനു തവണ സ്ലോട്ടുകള്‍ക്കായി സെര്‍ച് ചെയ്താല്‍ 24 മണിക്കൂര്‍ സമയത്തേക്കു നിങ്ങളുടെ അക്കൗണ്ട് ബ്ലോക്ക് ആകാം. ഇതുസംബന്ധിച്ച ചട്ടം നിലവില്‍ വന്നു. കംപ്യൂട്ടര്‍ പ്രോഗ്രാമുകളും സോഫ്റ്റ്വെയര് റോബട്ടുകളും (ബോട്ട്) ഉപയോഗിച്ച് സ്ലോട്ട് ബുക്ക് ചെയ്യുന്നതു തടയാനാണു കോവിന്‍ ഉപയോഗത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. അനിയന്ത്രിതമായ ഉപയോഗമുണ്ടായാല്‍ ബോട്ടുകളുടെ സാന്നിധ്യമാണെന്നു കണക്കാക്കിയാകും അക്കൗണ്ട് ബ്ലോക്ക് ചെയ്യുക.
സ്ലോട്ട് അപ്ഡേറ്റ് ചെയ്യുന്ന വിവരങ്ങള്‍ അറിയാനുള്ള സമാന്തര പ്ലാറ്റ്ഫോമുകള് ഉപയോഗിക്കുന്നതില്‍ കുഴപ്പമില്ല.
എങ്ങനെയൊക്കെ?
കോവിനില്‍ ലോഗിന്‍ ചെയ്തു 15 മിനിറ്റിനുള്ളില്‍ 20 തവണയിലധികം ‘സെര്‍ച്’ റിക്വസ്റ്റ് നല്കിയാല് തനിയെ ലോഗ്ഔട്ട് ആകും.
ഒരു ദിവസം 50 തവണ ലോഗ്ഔട്ട് ആകുന്ന സാഹചര്യമുണ്ടായാല്‍ അക്കൗണ്ട് 24 മണിക്കൂര്‍ ബ്ലോക്ക് ആകും. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ 50 തവണയിലധികം ഒടിപി ജനറേറ്റ് ചെയ്തു സെര്‍ച് റിക്വസ്റ്റ് നല്കിയാല് വിലക്കു വരാം. 24 മണിക്കൂറിനു ശേഷം അക്കൗണ്ട് വീണ്ടും പ്രവര്‍ത്തനക്ഷമമാകും. 3 സെക്കന്‍ഡ് ഇടവേളയില്‍ ഒന്നിലധികം റിഫ്രഷ്, റീലോഡ്, ഷെഡ്യൂള്‍ തുടങ്ങിയ റിക്വസ്റ്റുകള്‍ നല്‍കരുതെന്നും നിര്‍ദേശമുണ്ട്.
എന്തു ചെയ്യണം?
ലോഗിന്‍ ചെയ്ത ശേഷം തുടര്‍ച്ചയായി ഒട്ടേറെ തവണ സെര്‍ച് ബട്ടണ്‍ ക്ലിക്ക് ചെയ്യുന്നത് ഒഴിവാക്കുക. ടെലിഗ്രാമിലും,പേറ്റിഎം ലും മറ്റും ലഭിക്കുന്ന മെസേജിന് അനുസരിച്ച് മാത്രം സെര്‍ച് ഉപയോഗിക്കുക.
പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്യാതെ ഹോം പേജില്‍ തന്നെ വാക്സീന് സ്ലോട്ടുകള്‍ ജില്ല, പിന്‍കോഡ്, മാപ്പ് അടിസ്ഥാനത്തില്‍ തിരയാനുള്ള സംവിധാനമുണ്ട്. ഇത്തരം സെര്‍ച്ചുകള്‍ വിലക്കിന്റെ പരിധിയില്‍ വരില്ല. സ്ലോട്ട് ഉണ്ടെന്നു കണ്ടാല്‍ മാത്രം ലോഗിന്‍ ചെയ്യുക.
എപ്പോഴും ലോഗിന്‍ ചെയ്യുന്നതിനു പകരം സ്ലോട്ട് അപ്ഡേഷന് ഏതു സമയത്തായിരിക്കുമെന്ന് ഔദ്യോഗികമായോ സമാന്തര പ്ലാറ്റ്ഫോമുകളിലൂടെയോ ( ടെലിഗ്രാം,പേറ്റിഎം) മനസ്സിലാക്കിയ ശേഷം ഉപയോഗിക്കുക.