
കൊച്ചി: സ്കൂട്ടര്‍ യാത്രക്കാരിയെ ഇടിച്ച് തെറിപ്പിച്ച് നിര്‍ത്താതെ പോയ വാഹനം കണ്ടെത്താന്‍ പൊലീസിന്റെ പക്കലുണ്ടായിരുന്ന ആകെയുള്ള തുമ്ബ് ഇടിച്ച കാറിന്റെ സൈഡ് മിറര്‍. അതും കയ്യില്‍ വെച്ച് കുറ്റം തെളിയിച്ചിരിക്കുകയാണ് കാലടി പൊലീസ്.
അപകടമുണ്ടാക്കിയ കാറിന്റെ റോഡരികില്‍ തെറിച്ചുവീണ സൈഡ് മിറര്‍ കൊണ്ട് 18 ദിവസത്തെ അന്വേഷണത്തിനൊടുവില്‍ കാറുകാരനെ പൊലീസ് കണ്ടെത്തി. ഇതിനായി അന്‍പതോളം സിസി ടിവി ക്യാമറകളും നൂറിലേറെ വാഹനങ്ങളുടെ റജിസ്ട്രേഷന് വിവരങ്ങളും ശേഖരിച്ചും വിലയിരുത്തിയുമായിരുന്നു അന്വേഷണം.
മേയ് 24ന് രാത്രി 7.15നാണ് മറ്റൂര്‍- നെടുമ്ബാശേരി വിമാനത്താവള റോഡില്‍ നീലംകുളങ്ങര ക്ഷേത്രത്തിന് സമീപം സ്കൂട്ടര്‍ യാത്രക്കാരിയെ ഇടിച്ചു തെറിപ്പിച്ച കാര്‍ നിര്‍ത്താതെ പോയത്. സെന്റര്‍ ഫോര്‍ മൈഗ്രേഷന്‍ ആന്‍ഡ് ഇന്‍ക്ലൂസിവ് ഡവലപ്മെന്റിലെ പ്രൊജക്ട് ഡയറക്ടര്‍ സെഫീന വിനോ (32) ആണ് അപകടത്തില്‍പെട്ടത്.
ഇടിയുടെ ആഘാതത്തില്‍ സെഫീന തോട്ടിലേക്കു തെറിച്ചു വീണു. തോളെല്ലിനു 3 ഒടിവുകളുണ്ടായി.
വിജനമായ സ്ഥലവും ലോക്ഡൗണും ആയതിനാല്‍ അപകടത്തില്‍ ദൃക്സാക്ഷികള്‍ ഉണ്ടായില്ല. ഇടിച്ച കാറില്‍നിന്നു തെറിച്ചു വീണ കറുത്ത മിറര്‍ മാത്രമാണ് തെളിവായി ആകെ കിട്ടിയത്. ഇത് ഏതു തരം കാറിന്റെ മിറര്‍ ആണെന്ന് പൊലീസ് പരിശോധനയില്‍ മനസ്സിലായി. മറ്റൂരിലെ സ്വകാര്യ സ്ഥാപനത്തിലെ സിസി ടിവി പരിശോധിച്ചപ്പോള്‍ സെഫീന സ്കൂട്ടറില്‍ പോകുന്നതും ഒരു മിനിറ്റിനുള്ളില്‍ തന്നെ ഇത്തരം ഒരു കാര്‍ എതിര് ദിശയിലേക്കു പോകുന്നതും കണ്ടെത്തി.
കാലടി സ്വകാര്യ ബസ് സ്റ്റാന്‍ഡിനു മുന്നിലെ സിസി ടിവിയില്‍ നിന്ന് ഈ കാറിനു വലതു ഭാഗത്തു മിറര്‍ ഇല്ലെന്നു വ്യക്തമായി. പക്ഷേ, മൂവാറ്റുപുഴ വരെയുള്ള സിസി ടിവി പലതും പരിശോധിച്ചിട്ടും കാര്‍ നമ്ബര്‍ വ്യക്തമായിരുന്നില്ല. കാറിന്റെ മുന്നിലെ ചില്ലില്‍ എയര്‍പോര്‍ട്ട് എന്നെഴുതി ഒട്ടിച്ചിരിക്കുന്നത് ഒരു സിസിടിവി ദൃശ്യത്തില്‍ കണ്ടു. തുടര്‍ന്നു പ്രത്യേക അനുമതി വാങ്ങി വിമാനത്താവളത്തിലെ എല്ലാ സിസി ടിവികളും പരിശോധിച്ചു.
അവിടേയും കാര്‍ കണ്ടുവെങ്കിലും നമ്ബര്‍ വ്യക്തമാവാതിരുന്നത് കുഴപ്പിച്ചു. വിമാനത്താവളത്തില്‍ വാഹന നമ്ബര്‍ രേഖപ്പെടുത്തുന്ന കൗണ്ടറില്‍ നിന്ന് നമ്ബറുകള്‍ ശേഖരിച്ച് ആ വാഹനങ്ങളുടെ റജിസ്ട്രേഷന് വിവരങ്ങളെടുത്തു. അതില്‍ നിന്ന് അപകടമുണ്ടാക്കിയ വാഹനത്തോട് സാമ്യമുള്ള കാറുകള്‍ മൂവാറ്റുപുഴ, പത്തനംതിട്ടയിലെ റാന്നി എന്നിവിടങ്ങളില്‍നിന്ന് അന്നു വന്നിട്ടുണ്ടെന്നു കണ്ടെത്തി.
ഒടുവില്‍ റാന്നിയില്‍ യഥാര്‍ഥ കാര്‍ കണ്ടെത്തി. വാഹനം ഓടിച്ചിരുന്ന റാന്നി എടമണ്‍ തെക്കേമാനില്‍ ജെറിന് വര്‍ഗീസ് (29) അറസ്റ്റിലായി. കാലടി സ്റ്റേഷനിലെ എഎസ്ഐ ജോഷി തോമസും സിവില്‍ പൊലീസ് ഓഫിസര്‍ കെ.എ. നൗഫലുമാണ് തുടരെ അന്വേഷണം നടത്തി കാറുകാരനെ പൊക്കിയത്.
Categories: Crime News, News